ആറാട്ടുപുഴ മന്ദാരക്കടവിലെ ബലിതർപ്പണം പൊതുജനത്തിനു നിഷേധിക്കുന്നെന്നു പരാതി
1576113
Wednesday, July 16, 2025 1:27 AM IST
തൃശൂർ: കാലാകാലങ്ങളായി ബലിതർപ്പണം നടത്തുന്ന ആറാട്ടുപുഴ മന്ദാരക്കടവിലെ ബലിതർപ്പണം പൊതുജനങ്ങൾക്കു നിഷേധിക്കുന്നതായി പരാതി. കടവിലെ ബലിതർപ്പണം ശിവരാത്രി കമ്മിറ്റി കുത്തക അവകാശമാക്കി വയ്ക്കുന്നതായാണ് വാർഡ് മെന്പർ അടക്കമുള്ളവരുടെ പരാതി.
പാപമോചനത്തിനും ബലിതർപ്പണത്തിനും ജില്ലയിലെതന്നെ പ്രധാന പുണ്യസ്ഥലമായി ഭക്തജനങ്ങൾ കാണുന്ന മന്ദാരക്കടവിൽ ബലിതർപ്പണത്തിനായി സ്വന്തം നിലയിൽ കർമികളെ കൊണ്ടുവന്ന് ബലിയിടാനോ അല്ലെങ്കിൽ മന്ദാരക്കടവിൽ ബലിയർപ്പിക്കാൻ സഹായിക്കുന്ന കർമികളെ ഉപയോഗിച്ചു ബലിയിടാനോ കഴിയുമായിരുന്നു. എന്നാൽ 2014 ജൂണ് 15ന് ആറാട്ടുപുഴ ധർമക്ഷേത്രത്തിൽ നടത്തിയ താംബൂലപ്രശ്നവിധിപ്രകാരം മന്ദാരക്കടവിൽ ചില അശുദ്ധാതിക്രിയകൾ നടന്നുവരുന്നതായി തെളിയുകയും അസ്ഥിദോഷങ്ങൾ കണ്ടെത്തുകയും ചെയ്തു. അതിനാൽ ബലിതർപ്പണം ഒഴിച്ച് അസ്ഥിനിമജ്ജനമോ സംസ്കാരക്രിയകളോ ചെയ്യരുതെന്നു പഞ്ചായത്ത് അധികൃതർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ തീരുമാനമായി.
എന്നാൽ, ഈ താബൂലപ്രശ്നം ചൂണ്ടിക്കാട്ടി ശിവരാത്രി കമ്മിറ്റി മന്ദാരക്കടവിൽ ഏകാധിപത്യം പുലർത്തുകയാണ് എന്നാണ് പരാതി. കർക്കടകവാവ്, തുലാംവാവ്, ശിവരാത്രി തുടങ്ങി പുണ്യദിനങ്ങളിലെല്ലാം ശിവരാത്രി കമ്മിറ്റി ഭക്തജനങ്ങളിൽനിന്നു വൻതോതിൽ പണംപിരിച്ച് ബലിതർപ്പണം നടത്തുന്നു എന്നും മന്ദാരക്കടവ് സംരക്ഷണസമിതി പരാതിപ്പെടുന്നു.
മന്ദാരക്കടവ് ഉൾപ്പെടുന്ന വല്ലച്ചിറ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെന്പർ കെ. രവീന്ദ്രനാഥടക്കം പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്. പ്രദേശത്തെ ഭക്തജനങ്ങളെയടക്കം ഉൾപ്പെടുത്തി ആറാട്ടുപുഴ മന്ദാരക്കടവ് സംരക്ഷണസമിതി രൂപീകരിച്ചാണ് ശിവരാത്രി കമ്മിറ്റിക്കെതിരേ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതർ ഉചിതമായ ഇടപെടൽ നടത്തി എല്ലാ ഭക്തജനങ്ങൾക്കും തുല്യാവകാശം നൽകണമെന്നും അതിനായി ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ കെ. രവീന്ദ്രനാഥ്, സംരക്ഷണസമിതി അംഗങ്ങളായ കെ. ഹരിനാരായണൻ, സി.കെ. രാജഗോപാൽ, സുനിൽ, ദാമോദരൻ ഇളയത് എന്നിവർ പങ്കെടുത്തു.