മുഴുവൻപേരെയും ഭൂമിയുടെ ഉടമകളാക്കുക ലക്ഷ്യം: മന്ത്രി കെ. രാജൻ
1576114
Wednesday, July 16, 2025 1:27 AM IST
കുന്നംകുളം: റവന്യൂവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനം ഭൂരഹിതരായ മുഴുവൻപേരെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യംവച്ചുള്ളതാണെന്ന് മന്ത്രി കെ. രാജൻ. കേരള സർക്കാർ ഭൂരഹിതരില്ലാത്ത കേരളം എന്ന ചരിത്രനേട്ടം കൈവരിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി കുന്നംകുളം നിയോജകമണ്ഡലത്തിൽനടന്ന പട്ടയമേള ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണക്കാരന് അർഹമായ ഭൂമി ലഭിക്കാൻ നിലവിലുള്ള ചട്ടങ്ങൾക്ക് ഭേദഗതിവരുത്തേണ്ടത് അനിവാര്യമാണെങ്കിൽ അതിൽ സർക്കാർ ഇടപെടുമെന്നും നിയമങ്ങളും ചട്ടങ്ങളും മനുഷ്യനിർമിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് വില്ലേജിലെ ജനങ്ങൾക്ക് അവരുടെ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിശദാംശങ്ങൾ സമ്പൂർണമായി മനസിലാക്കാൻ കഴിയുന്ന ചിപ്പ് ഘടിപ്പിച്ച, എടിഎം കാർഡിന്റെ വലിപ്പമുള്ള ഡിജിറ്റൽ റവന്യുകാർഡ് നവംബറിൽ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
262 പേർക്കാണ് പട്ടയം വിതരണം ചെയ്തത്. എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷതവഹിച്ചു.
കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭൻ തുടങ്ങിയവർ സംസാരിച്ചു.