"സ​ഖി' വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ര്‍
Thursday, February 22, 2024 1:49 AM IST
പാ​ല​ക്കാ​ട്: അ​തി​ക്ര​മ​ങ്ങ​ള്‍​ക്കു ഇ​ര​യാ​കു​ന്ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും താ​ങ്ങും​ത​ണ​ലു​മാ​വു​ക​യാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ര്‍.

എ​ന്താ​ണ് സ​ഖി?

ഗാ​ര്‍​ഹി​ക പീ​ഡ​നം ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന സ്ത്രീ​ക​ള്‍​ക്കു താ​മ​സ​വും കൗ​ണ്‍​സി​ലിം​ഗും നി​യ​മ​സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സം​സ്ഥാ​ന വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ്റ്റേ​റ്റ് നി​ര്‍​ഭ​യ സെ​ല്‍ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യു​ള്ള മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.

പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍

2019-ലാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള വ​നി​താ-​ശി​ശു ആ​ശു​പ​ത്രി​യു​ടെ മു​ക​ള്‍ നി​ല​യി​ല്‍ ജി​ല്ല​യി​ലെ സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ​തു​വ​രെ 307 ഗാ​ര്‍​ഹി​ക പീ​ഡ​ന പ​രാ​തി​ക​ളും 163 പോ​ക്‌​സോ കേ​സു​ക​ളും 55 മി​സിം​ഗ് കേ​സു​ക​ളും ആ​റു ബ​ലാ​ല്‍​സം​ഗ കേ​സു​ക​ളും മൂ​ന്നു സൈ​ബ​ര്‍ ക്രൈം ​കേ​സു​ക​ളും ഒ​രു സ്ത്രീ​ധ​ന പീ​ഡ​ന കേ​സു​ക​ളും 362 മ​റ്റു ഇ​ത​ര കേ​സു​ക​ളും റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ല്‍ 652-ല​ധി​കം പ​രാ​തി​ക​ള്‍ ഇ​തി​നോ​ട​കം തീ​ര്‍​പ്പാ​ക്കി ക​ഴി​ഞ്ഞു. മ​റ്റു കേ​സു​ക​ള്‍ കൗ​ണ്‍​സി​ലിം​ഗ്, മീ​ഡി​യേ​ഷ​ന്‍ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളി​ലാ​ണ്.


സേ​വ​ന​ങ്ങ​ള്‍ ഇ​തു​വ​രെ

പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച നാ​ള്‍ മു​ത​ല്‍ ഇ​തു​വ​രെ 364 പേ​ര്‍​ക്കാ​ണ് സ​ഖി​യി​ലൂ​ടെ ഷെ​ല്‍​ട്ട​ര്‍ ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ള്ള​ത്.

355 പ​രാ​തി​ക​ളി​ല്‍ നി​യ​മ സ​ഹാ​യം, 369 പ​രാ​തി​ക​ളി​ല്‍ കൗ​ണ്‍​സി​ലിം​ഗ്, 283 പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് സ​ഹാ​യം മ​റ്റു മെ​ഡി​ക്ക​ല്‍ സ​ഹാ​യം എ​ന്നി​ങ്ങ​നെ ന​ല്കി​ക്ക​ഴി​ഞ്ഞു.

അ​ക്ര​മ​ങ്ങ​ള്‍​ക്കു ഇ​ര​യാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും സ​ഖി വ​ണ്‍ സ്‌​റ്റോ​പ്പ് സെ​ന്‍റ​റി​ല്‍ എ​ത്തു​മ്പോ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ഞ്ചു ദി​വ​സം വ​രെ സ​ഖി​യി​ല്‍ താ​മ​സ സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.

സെ​ന്‍റ​ര്‍ അ​ഡ്മി​നി​സ്ട്ര​റ്റ​ര്‍, കേ​സ് വ​ര്‍​ക്ക​ര്‍​മാ​ര്‍, സൈ​ക്കോ സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍, മൂ​ന്ന് ഫെ​സി​ലി​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഐ​ടി സ്റ്റാ​ഫ്, സെ​ക്യൂ​രി​റ്റി എ​ന്നി​വ​രാ​ണ് സ​ഹാ​യ​ത്തി​നു​ള്ള​ത്. ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ​യും നി​യ​മ വി​ദ​ഗ്ധ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ണ്.