കാപ്പ നിയമപ്രകാരം തടങ്കലിലാക്കി
1417261
Friday, April 19, 2024 12:40 AM IST
പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൃത്താല പരുതൂർ പഴയങ്ങാടി കളത്തിൽതൊടി ഭാസ്കരന്റെ മകൻ ശ്രീജേഷ് എന്ന അപ്പു (40) വിനെ കാപ്പപ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിലാക്കി. തൃത്താല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ വി.വി. വിമൽ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ വർഷം തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ കുളമുക്ക് തീരദേശറോഡിലുളള കൊഴിക്കുന്നാംപാറയിലെ വാടക ക്വാർട്ടേഴ്സിൽവച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായതിനെതുടർന്നാണ് കാപ്പ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.
അന്യായമായി തടഞ്ഞുവയ്ക്കുക, ദേഹോപദ്രവം ഏല്പിക്കുക, പോക്സോ നിയമപ്രകാരമുള്ള വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, ജെജെ ആക്ട് പ്രകാരമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടുക, കഞ്ചാവ് കൈവശം വയ്ക്കുക എന്നീ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടതിനാണ് കാപ്പ ചുമത്തിയിട്ടുള്ളത്.
തൃത്താല പോലീസ് സ്റ്റേഷനിലേയും, മലപ്പുറം ജില്ലയിലെ മഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകളിലെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
നെന്മാറ: ഒട്ടേറെ ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ ചുമത്തി കരുതൽതടങ്കലിലാക്കി. അയിലൂർ കയ്പഞ്ചേരി നിമേഷി(27)നെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റുള്ളവരെ ദേഹോപദ്രവം ഏല്പിക്കൽ, കവർച്ച, ആയുധമുപയോഗിച്ചുള്ള ആക്രമണം, വധശ്രമം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയായ നിമേഷ് നിരന്തരം കുറ്റകൃത്യം ചെയ്യുന്നതായി കണ്ടതോടെയാണു കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതെന്നു പോലീസ് പറഞ്ഞു. റിമാൻഡിലായ പ്രതിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കു കൊണ്ടുപോയി.