എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് 24ന് ന്യൂയോർക്കിൽ
ഷോളി കുമ്പിളുവേലി
Saturday, August 16, 2025 3:57 PM IST
ന്യൂയോർക്ക്: പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഈ മാസം 24ന് ന്യൂയോർക്കിലെ ബെത്പേജ് മൾട്ടി സ്പോർട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഫോമ മെട്രോ റീജിയൺ ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വോളിബോൾ ഇന്ത്യൻ മുൻ ദേശീയ താരം മാണി സി. കാപ്പൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
അമേരിക്കയിൽ നിന്നും കാനഡയിൽനിന്നുമായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിന്റെ കാഷ് അവാർഡും വിജയികൾക്ക് ലഭിക്കുമെന്നും മെട്രോ റീജിയൺ ആർവിപി മാത്യു ജോഷ്വ പറഞ്ഞു.
മൾട്ടി സ്പോർട് ഇൻഡോർ സ്റ്റേഡിയത്തിലെ അഞ്ചു കോർട്ടുകളിലായാണ് മത്സരങ്ങൾ. ഓപ്പൺ പൂളിൽ 12 ടീമുകളും 18 വയസിൽ താഴെ ഉള്ളവരുടെ ആറു ടീമുകളും നാൽപ്പതിന് മുകളിൽ പ്രായമുള്ളവരുടെ ആറു ടീമുകളും മത്സരത്തിൽ മാറ്റുരയ്ക്കുമെന്നു ടൂർണമെന്റ് കോഓർഡിനേറ്റർ ബിഞ്ചു ജോൺ പറഞ്ഞു.
മത്സരങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും. പ്രഫഷണൽ റഫറികൾ ആയിരിക്കും കളികൾ നിയന്ത്രിക്കുക. ട്രോഫികളും കാഷ് അവാർഡ് വിതരണവും 24ന് വൈകുന്നേരം ആറിന് എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയത്തിൽ നടക്കും.
എംഎൽഎമാരാണ് സമ്മാനദാനം നിർവഹിക്കുകയെന്ന് റീജിയണൽ സെക്രട്ടറി മാത്യു ജോഷ്വ(ബോബി) അറിയിച്ചു. ഇതോടൊപ്പം 2026 ഓഗസ്റ്റിൽ ഹൂസ്റ്റണിൽ നടക്കുന്ന ഒമ്പതാമത് ഫോമ ഇന്റർനാഷനൽ കൺവൻഷന്റെ കിക്കോഫും നടത്തുന്നതാണെന്നു നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ ജോസ് പറഞ്ഞു.
പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമാ കൃഷ്ണൻ തുടങ്ങിയവരും സംബന്ധിക്കും.
കെഎസ്ഇബി വോളിബോൾ ടീം അംഗമായിരുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നടുമ്പറമ്പിൽ എൻ.കെ. ലൂക്കോസ് 1980ലാണ് അമേരിക്കയിൽ എത്തിയത്. 1987ലാണ് സുഹൃത്തുക്കളുമായി ചേർന്ന് ന്യൂയോർക്കിൽ "കേരള സ്പൈക്കേഴ്സ്' എന്ന പേരിൽ ഒരു വോളിബോൾ ടീം രൂപീകരിച്ചത്.
വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും എൻ.കെ. ലൂക്കോസ് സജീവമായിരുന്നു. 2003ലാണ് ന്യൂജഴ്സിയിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരണമടഞ്ഞത്.
എൻ.കെ. ലൂക്കോസിന്റെ സ്മരണയ്ക്കായാണ് കുടുംബവും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 18 വർഷമായി അമേരിക്കയിലും കേരളത്തിലുമായി വോളിബോൾ ടൂർണമെന്റുകൾ നടത്തുന്നത്.
ഇക്കൊല്ലം 5000 ഡോളറാണ് എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ വിജയികൾക്ക് സമ്മാനമായി നൽകുന്നതെന്നു എൻ.കെ. ലൂക്കോസിന്റെ മകളും ഫൗണ്ടേഷൻ ട്രസ്റ്റിയുമായ സെറിൻ ലൂക്കോസ് പറഞ്ഞു.
ന്യൂയോർക്ക് കേരള സെന്ററിൽ നടന്ന വാർത്താസമ്മേളത്തിൽ മെട്രോ റീണിയണിനെ പ്രതിനിധീകരിച്ച് ആർവിപി മാത്യു ജോഷ്വാ, നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ടൂർണമെന്റ് കോഓർഡിനേറ്ററും റീജിയണൽ ട്രഷററുമായ ബിഞ്ചു ജോൺ, റീജിയണൽ സെക്രട്ടറി മാത്യു ജോഷ്വാ(ബോബി), മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസ് വർഗീസ്, എബ്രഹാം ഫിലിപ്പ്, സുവനീർ കമ്മിറ്റി ചെയർമാൻ മാത്തുക്കുട്ടി ഈശോ, എൻ.കെ. ലൂക്കോസിന്റെ ഭാര്യ ഉഷ ലൂക്കോസ് എന്നിവർ പങ്കെടുത്തു.
ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി സ്വാഗതം പറഞ്ഞു. പ്രസ് ക്ലബിനെ പ്രതിനിധീകരിച്ചു ഐപിസിഎൻഎ നാഷനൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മുൻ പ്രസിഡന്റ് താജ് മാത്യു, കൺവൻഷൻ ചെയർമാൻ സജി എബ്രഹാം, ചാപ്റ്റർ ട്രഷറർ ബിനു തോമസ്, ട്രഷറർ ജേക്കബ് മാനുവേൽ തുടങ്ങിയവരും പങ്കെടുത്തു.
കൂടാതെ ഫോമ നേതാക്കളായ തോമസ് കോശി, ലാലി കളപ്പുരക്കൽ, തോമസ് ഉമ്മൻ, ബിജു ചാക്കോ, ജയിംസ് മാത്യു, ബേബികുട്ടി തോമസ്, അലക്സ് എസ്തപ്പാൻ, ഷാജി വർഗീസ്, ജോസി സ്കറിയ, ജെസ്വിൻ സാമുവേൽ, അലക്സ് സിബി എന്നിവരും പങ്കെടുത്തു.