ടിസാക്ക് രാജ്യാന്തര വടംവലി മത്സരം: കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ചാമ്പ്യന്മാർ
ജീമോന്‍ റാന്നി
Monday, August 18, 2025 1:04 PM IST
ഹൂസ്റ്റണ്‍: ടെക്സസ് ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് ആൻഡ് ആര്‍ട്സ് ക്ലബിന്റെ(ടിസാക്ക്) രാജ്യാന്തര വടംവലി മത്സരത്തില്‍ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ചാമ്പ്യന്മാരായി. ഗ്ലാഡിയേറ്റേഴ്സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി.
ഗാലക്സി ഡബ്ലിന്‍ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനം നേടി. ന്യൂയോര്‍ക്ക് കിംഗ്സാണ് നാലാം സ്ഥാനത്തെത്തിയത്. ഫോര്‍ട്ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിൽ നടന്ന ടിസാക്കിന്റെ നാലാം സീസണ് വടംവലി മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആറായിരത്തിലധികം കാണികളാണ് എത്തിച്ചേർന്നത്.
ചാമ്പ്യന്മാരായ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീമിന് 8001 ഡോളറും ട്രോഫിയും ലഭിച്ചു. കുളങ്ങര ഫാമിലി നേതൃത്വം നൽകിയ ഗ്ലാഡിയേറ്റേഴ്സ് കാനഡ ടീമിന് 6001 ഡോളറും ട്രോഫിയും ഗാലക്സി ഡബ്ലിന്‍ അയര്‍ലന്‍ഡിന്4001 ഡോളറും ട്രോഫിയും ന്യൂയോര്‍ക്ക് കിംഗ്സിന് 2001 ഡോളറും ട്രോഫിയും ലഭിച്ചു.

അഞ്ചാം സ്ഥാനത്തെത്തിയ ഹൂസ്റ്റണ്‍ ബ്രദേഴ്സ്, ആറാം സ്ഥാനക്കാരായ ഗരുഡന്‍സ് ടൊറന്റോ, ഏഴാം സ്ഥാനക്കാരായ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലാക്ക്, എട്ടാം സ്ഥാനക്കാരായ ഹോക്സ് കാനഡ എന്നിവർക്ക് 1001 ഡോളർ വീതവും സമ്മാനം നൽകി.
വടംവലി വനിതാ വിഭാഗത്തിൽ ഡാളസ് ഡാര്ളിംഗ്സിന്റെ പെണ്‍കരുത്ത് ഒന്നാം സ്ഥാനത്തെത്തി 2501 ഡോളർ നേടി. രണ്ടാം സ്ഥാനം നേടിയ ഹൂസ്റ്റണ്‍ കാന്താരീസിന് 1501 ഡോളറും മൂന്നാം സ്ഥാനം നേടിയ ഷിപ്പ്മാന് കോവ് ടഗ് റിബല്‍സിന് 1001 ഡോളറും കരസ്ഥമാക്കി.
ഹെവി വെയ്റ്റ് വിഭാഗത്തില്‍ ഹൂസ്റ്റണ്‍ കിംഗ്സ് ക്ലബ് ഒന്നാം സ്ഥാനത്തെത്തി 1501 ഡോളർ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തെത്തിയ ഹൂസ്റ്റണ്‍ സ്റ്റാലിയന്‍സ് 1001 ഡോളറും മൂന്നാം സ്ഥാനത്തെത്തിയ ഹൂസ്റ്റണ്‍ റോയല്‍സ് 501 ഡോളറും നേടി.

ബെസ്റ്റ് പൊസിഷനിലെത്തിയ ശ്രീരാഗ് - ഗ്ലാഡിയേറ്റര്‍, ഗീരു - കെബിസി, ജെയ്സ് -ന്യൂയോര്‍ക്ക് കിംഗ്സ്, ജിനേഷ് - ഗാലക്സി അയര്‍ലന്‍ഡ്, റോബിന്‍സണ്‍ - ഗ്ലാഡിയേറ്റര്‍, സുമല്‍ - കെബിസി, ഷിന്റോ -ഗാലക്സി അയര്‍ലന്‍ഡ് ട്രോഫിയും പ്രൈസ് മണിയും കരസ്ഥമാക്കി.
ഗ്ലാഡിയേറ്ററിന്റെ അജീഷ് ആണ് ഏറ്റവും മൂല്യമേറിയ താരം. ഗ്ലാഡിയേറ്ററിന്റെ അനന്തു മികച്ച കോച്ചായി. യുഎസ്എയ്ക്ക് പുറമെ കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും പങ്കെടുത്തു.


മേയര്‍ റോബിന് ഇലക്കാട്ട് അഡ്വൈസറി ചെയര്‍മാനായുള്ള കമ്മിറ്റിയാണ് വടംവലി മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. ടിസാക്ക് ചെയര്മാന് ഡോ. സക്കറിയ തോമസ്, പ്രസിഡന്റ് ഡാനി വി. രാജു, സെക്രട്ടറി ജിജോ കരോട്ട്മുണ്ടയ്ക്കല്‍, ട്രഷറര്‍ റിമല്‍ തോമസ്, പിആര്‍ഒ ജിജു കുളങ്ങര,
വൈസ് പ്രസിഡന്റ് ജോയി തൈയില്‍, ജോയിന്റ് സെക്രട്ടറി മാത്യൂസ് കറുകക്കളം, ജോയിന്റ് ട്രഷറര്‍ ഫിലിപ്പ് ചോരത്ത്, ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍മാരായ ചാക്കോച്ചന് മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത് തുടങ്ങിയവര്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചു.