നിയമവിരുദ്ധമായി തോക്കുകളും വെടിയുണ്ടകളും കൈവശംവച്ചു; പ്രതിക്ക് 11 വർഷം ശിക്ഷ തടവ്
പി.പി. ചെറിയാൻ
Wednesday, August 20, 2025 8:07 AM IST
പ്ലാനോ (ഡാളസ്): നിയമവിരുദ്ധമായി തോക്കുകളും വെടിയുണ്ടകളും കൈവശം വച്ചതിന് മക്കിനി സ്വദേശിക്ക് 11 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ച് കോടതി. പ്ലാനോയിലെബിസിനസ് സ്ഥാപനത്തിൽ നിന്ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോ ആന്റണി പ്ലാസെൻഷ്യ (32) അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്ന് ഒട്ടറെ തോക്കുകളും വെടിയുണ്ടകളും ബോഡി ആർമറും കണ്ടെടുത്തു. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഇയാൾക്ക് തോക്കുകൾ കൈവശം വെക്കാൻ ഫെഡറൽ നിയമപ്രകാരം അനുവാദമില്ല.
യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമോസ് എൽ. മസന്റ് മൂന്നാമനാണ് ഇയാൾക്ക് 137 മാസത്തെ തടവ് ശിക്ഷ വിധിച്ചത്. പ്ലാനോ പോലീസ് ഡിപ്പാർട്ട്മെന്റും ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സും ചേർന്നാണ് കേസ് അന്വേഷിച്ചത്.