ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ത്രിദിന സമ്മേളനം ഡാളസിൽ 31 മുതൽ
പി.പി. ചെറിയാൻ
Monday, October 20, 2025 12:36 PM IST
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) ദ്വൈവാർഷിക ത്രിദിന സമ്മേളനം ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ഡാലസിൽ നടക്കും. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം സമ്മേളനത്തിന്റെ മുഖ്യാതിഥിയാകും.
ഡോ. എം.വി. പിള്ള, നിരൂപകൻ സജി എബ്രഹാം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും പ്രധാന അതിഥികളായി പങ്കെടുക്കും. ഡാളസിലെ എം.എസ്.ടി - തെക്കേമുറി നഗറിലാണ് സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്.
നിലവിൽ ശങ്കർ മന (ടെന്നസി) ആണ് ലാനയുടെ പ്രസിഡന്റ്. സാമുവൽ പനവേലി (ടെക്സസ്) സെക്രട്ടറിയായും ഷിബു പിള്ള (ടെനിസി) ട്രഷററായും മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കലിഫോർണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവർ ഭാരവാഹികളായും സംഘടനയെ നയിക്കുന്നു.
എം.എസ്.ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡന്റുമാരായി സംഘടനയെ നയിച്ചത്.
സാംസ്കാരിക-സാഹിത്യ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ത്രിദിന സമ്മേളനം നോർത്തമേരിക്കയിലെ സാഹിത്യ സ്നേഹികൾക്ക് പുതിയ അനുഭവമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.