ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ നവംബർ എട്ടിന് ഫിലഡല്ഫിയയില്
ജോസ് മാളേയ്ക്കൽ
Monday, October 20, 2025 3:04 PM IST
ഫിലഡല്ഫിയ: ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (ഐഎസിഎ) ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ നവംബർ എട്ടിന് സംഘടിപ്പിക്കുന്നു. വൈകുന്നേരം നാലിന് ഫിലഡൽഫിയ സീറോമലബാർ പള്ളിയിൽ നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി ഫിലഡൽഫിയ അതിരൂപതയുടെ സഹായമെത്രാൻ എഫ്രേം വി.എസ്. മില്ല കുർബാനയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
നാലിന് ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിലും സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ കത്തോലിക്കാ കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാർമികത്വത്തിലും കുർബാന അർപ്പണം നടക്കും.
ഐഎസിഎ ഡയറക്ടർ ബോർഡ് ചെയർമാൻ, ഫിലഡൽഫിയ ഇന്ത്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. ലെനിൻ ഫെർണാണ്ടസ്, ഡയറക്ടർമാരായ സിറോ മലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. ബിപ്പി മാത്യു തറയിൽ, സെന്റ് ജൂഡ് സീറോമലങ്കര പള്ളി വികാരി ഫാ. ബാബു മഠത്തിൽപറമ്പിൽ എന്നിവർ ബിഷപ്പിനൊപ്പം കുർബാനയിൽ സഹകാർമികരാവും.
വിശിഷ്ടാതിഥികൾക്കു സ്വീകരണം, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരണഘോഷയാത്ര, കൃതജ്ഞതാബലിയർപ്പണം, ജൂബിലി ദമ്പതിമാരെ ആശീർവദിച്ചഭിനന്ദിക്കുക, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്.
ഇന്ത്യൻ കത്തോലിക്കരുടെ ശ്രേഷ്ഠമായ പൈതൃകവും, പൂർവിക പാരമ്പര്യങ്ങളും പ്രവാസ നാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ കത്തോലിക്കർ ഒരേ കുടക്കീഴിൽ അണിനിരന്ന് ഒന്നിച്ചർപ്പിക്കുന്ന ദിവ്യബലിയിലേക്കും, തുടർന്ന് നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികൾ ക്ഷണിക്കുന്നു.
ഫിലഡൽഫിയായിലെ പ്രശസ്ത ഡാൻസ് സ്കൂളുകൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, ഐഎസിഎയിലെ അംഗദേവാലയങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങൾ എന്നിവ കാണികൾക്കു കൺകുളിർക്കെ ആസ്വദിക്കുന്നതിനുള്ള വക നൽകും.
ഐഎസിഎ പ്രസിഡന്റ് തോമസ് സൈമൺ, ജനറൽ സെക്രട്ടറി ചാർലി ചിറയത്ത്, ട്രഷറർ സ്വപ്ന സജി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജോഷ്വ ജേക്കബ്, ജോ. സെക്രട്ടറി മെർലിൻ അഗസ്റ്റിൻ, ജോ. ട്രഷറർ ഫിലിപ് ജോൺ (ബിജു) എന്നിവരുടെ നേതൃത്വത്തിൽ മുൻ പ്രസിഡന്റ് അനീഷ് ജയിംസ്, അലക്സ് ജോൺ, സണ്ണി പടയാറ്റിൽ, ജോസ് മാളേയ്ക്കൽ, ഓസ്റ്റിൻ ജോൺ, ജോസഫ് മാണി, തോമസ് നെടുമാക്കൽ, ഫിലിപ് എടത്തിൽ, റോമിയോ ഡാൽഫി, ജറി കുരുവിള, ജറിക് എബ്രാഹം, ജസ്റ്റിൻ തോമസ്, സേവ്യർ മൂഴിക്കാട്ട്, ജോസഫ് സക്കറിയ, ജോസഫ് തോമസ്, ജോയി കരുമത്തി എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
2025 ൽ വിവാഹജീവിതത്തിന്റെ രജത (25), സുവർണ (50) ജൂബിലികൾ ആഘോഷിക്കുന്ന ദമ്പതിമാരെയും ദാമ്പത്യജീവിതത്തിൽ 50 ലധികം വർഷങ്ങൾ പിന്നിട്ടവരെയും കുർബാന മധ്യേ ബിഷപ് ആശീർവദിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.
ഫിലഡൽഫിയ അതിരൂപതയുടെ കീഴിൽ പ്രവാസി-അഭയാർഥി കാര്യാലയത്തിന്റെ ചുമതലവഹിക്കുന്ന (പാസ്റ്ററൽ കെയർ ഫോർ റഫ്യൂജീസ് ആൻഡ് മൈഗ്രന്റ്സ്) ഡയറക്ടർ സിസ്റ്റർ ജെർത്രൂഡ് ബോർസ്, പിസിഎംആർ മുൻ ഡയറക്ടർ ടോം ബെറ്റ്സ് തുടങ്ങിയ വൈദികരും ഹെറിറ്റേജ് ദിനത്തിൽ പങ്കെടുക്കും.