കലിഫോർണിയ: 2028ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിനായി കമല ഹാരിസ് മുൻതൂക്കം നിലനിർത്തുന്നു. നോബിൾ പ്രെഡിക്റ്റീവ് ഇൻസൈറ്റ്സ് നടത്തിയ 'ദി സെന്റർ സ്ക്വയർ വോട്ടേഴ്സ് വോയിസ് പോൾ' അനുസരിച്ച്, ഡെമോക്രാറ്റുകൾക്കിടയിൽ 33 ശതമാനവും സ്വതന്ത്ര വോട്ടർമാർക്കിടയിൽ 27 ശതമാനവും പിന്തുണ ഹാരിസിനുണ്ട്.

13 ശതമാനം ഡെമോക്രാറ്റുകളുടെയും മൂന്നു ശതമാനം സ്വതന്ത്രരുടെയും പിന്തുണയോടെ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആണ് രണ്ടാം സ്ഥാനത്ത്. ന്യൂയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒക്കാസിയോ-കോർടെസ് എട്ടു ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്താണ്. മുൻ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബൂട്ടിജജ് 7 ശതമാനം പിന്തുണയോടെ നാലാമത്. മറ്റ് സ്ഥാനാർഥികളായ ജോഷ് ഷപിറോ, ജെ.ബി. പ്രിറ്റ്സ്കർ, ഗ്രെചൻ വിറ്റ്മർ, വെസ് മൂർ എന്നിവർക്കെല്ലാം 1 മുതൽ 4 ശതമാനം വരെ മാത്രമാണ് പിന്തുണ ലഭിച്ചത്.


കറുത്ത വർഗ്ഗക്കാർ, ദക്ഷിണ സംസ്ഥാനങ്ങളിലുള്ളവർ, യുവജനങ്ങൾ എന്നിവർക്കിടയിൽ ഹാരിസിന് ശക്തമായ പിന്തുണ ലഭിച്ചു. 18-29 വയസുള്ളവർ 44 ശതമാനവും, 30-44 വയസ്സുള്ളവരിൽ 42 ശതമാനവും പിന്തുണ ഹാരിസിനുണ്ട്. കുറഞ്ഞ വരുമാനക്കാരിലും സ്ത്രീകളിലും ന്യൂസമിനെക്കാൾ ഇരട്ടി ജനപ്രിയയാണ് ഹാരിസ്.