പ്രത്യേക പരിഗണന ആവശ്യമുള്ള മകനെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; യുഎസിൽ ദമ്പതികൾ അറസ്റ്റിൽ
പി .പി. ചെറിയാൻ
Thursday, October 23, 2025 6:34 AM IST
ബർലെസൺ(ടെക്സസ്): പ്രത്യേക പരിഗണന ആവശ്യമുള്ള മകനെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നോർത്ത് ടെക്സസിൽ നിന്നുള്ള ദമ്പതികൾ അറസ്റ്റിൽ. ജോനത്തൻ കിൻമാൻ (26) ആണ് മരിച്ച യുവാവ്. കിൻമാന്റെ അമ്മ ഡിസംബർ മിച്ചൽ, ഭർത്താവ് ജോനത്തൻ മിച്ചൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 14ന് ഫോർട്ട് വർത്തിന് തെക്ക് ബർലെസണിലെ വൈറ്റ് ഓക്ക് ലെയ്നിലുള്ള വീട്ടിൽ പോലീസ് നടത്തിയ ക്ഷേമ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
പ്രത്യേക പരിഗണന ആവശ്യമുള്ള യുവാവിനെ കുടുംബത്തിന്റെ വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ബർലെസൺ പോലീസ് അറിയിച്ചു. മൃതദേഹം പുറത്തെടുത്ത് ടാരന്റ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസിലേക്ക് മാറ്റി. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.