ന്യൂയോർക്ക് സിറ്റി റോഡ് ഗുരു തേജ് ബഹാദൂർ ജി മാർഗ് എന്ന് പുനർനാമകരണം ചെയ്തു
പി.പി. ചെറിയാൻ
Thursday, October 23, 2025 7:39 AM IST
ന്യൂയോർക്ക്: ഒൻപതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിനോടുള്ള ആദരസൂചകമായി ന്യൂയോർക്കിലെ ഒരു തെരുവ് "ഗുരു തേജ് ബഹാദൂർ ജി മാർഗ്’ എന്ന് പുനർനാമകരണം ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ന്യൂയോർക്ക് സിറ്റിയിലെ ഒരു തെരുവിന് സിഖ് ഗുരുവി പേര് നൽകുന്നത്. ദീപാവലി തലേന്നാണ് പുനർനാമകരണ ചടങ്ങ് നടന്നത്.
പുനർനാമകരണത്തിനായുള്ള പ്രമേയം നഗരസഭയിൽ അവതരിപ്പിച്ചത് കൗൺസിൽ വുമൺ ലിൻ ഷുൽമാനാണ്. ഗുരുദ്വാര മഖൻ ഷാ ലുബാനയുടെ ആസ്ഥാനമായ ക്വീൻസ് ബറോയിലെ റിച്ച്മണ്ട് ഹില്ലിലെ 114ാമത്തെ സ്ട്രീറ്റ് & 101ാമത്തെ അവന്യൂ ഭാഗമാണ് ഇനി മുതൽ "ഗുരു തേജ് ബഹാദൂർ ജി മാർഗ് വേ’ എന്നറിയപ്പെടുക.
സിഖ് കൾച്ചറൽ സൊസൈറ്റി നടത്തുന്ന ഗുരുദ്വാര മഖൻ ഷാ ലുബാന യുഎസിന്റെ കിഴക്കൻ തീരത്തെ ഏറ്റവും പഴക്കം ചെന്ന ഗുരുദ്വാരകളിൽ ഒന്നാണ്. 1972ൽ ആണ് ഗുരുദ്വാര ഇവിടെ പ്രവർത്തനം ആരംഭിച്ചത്.
2002ലെ തീപിടുത്തത്തിൽ നശിച്ചെങ്കിലും, പ്രൗഢിയോടെ പുനർനിർമിച്ചതോടെ കിഴക്കൻ യുഎസിലെ ഏറ്റവും വലിയ ഗുരുദ്വാരയായി ഇത് മാറി. പുനർനാമകരണത്തെ സിഖ് കൾച്ചറൽ സൊസൈറ്റിയുടെ മുൻ ഉദ്യോഗസ്ഥനായ സുഖ്ജീന്ദർ സിങ് നിജ്ജാർ സ്വാഗതം ചെയ്തു. ഇത് സിഖ് പൈതൃകത്തോടുള്ള പ്രാദേശിക സർക്കാരിന്റെ വിലമതിപ്പാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.