മിഷിഗൺ മലയാളി അസോസിയേഷന് ഓണാഘോഷം സംഘടിപ്പിച്ചു
വിനോദ് കൊണ്ടൂർ
Thursday, October 23, 2025 2:54 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മിഷിഗൺ മലയാളി അസോസിയേഷൻ (എംഎംഎ) കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും അതി ഗംഭീരമായി ഓണാഘോഷങ്ങൾ കൊണ്ടാടി.
ചടങ്ങിൽ 50 വർഷങ്ങളുടെ നിറവിൽ നിൽക്കുന്ന മിഷിഗണിലെ സാംസ്കാരിക സംഘടനാ മുത്തശി ദി കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റിലെ നേതാക്കളെ ആദരിക്കുകയും ചെയ്തു. കേരളാ ക്ലബ് ട്രഷറാർ റോജൻ പണിക്കർ, ജോയിൻ്റ് സെക്രട്ടറി ഷിജു വിൽസൻ, ബാബു കുര്യൻ കേരളാ ക്ലബ് അൻപതാം വർഷ ആഘോഷങ്ങളുടെ കൺവീനർ (കേരളാ ക്ലബ് മുൻ പ്രസിഡൻ്റ്, മുൻ ബിഒടി.), ജെയിൻ കണ്ണച്ചാൻപറമ്പിൽ (കേരളാ ക്ലബ് മുൻ പ്രസിഡൻ്റ്, മുൻ ബിഒടി, ഐപിസിഎൻഎ. , ഡബ്ല്യൂ.എംസി) എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. കാപ്പിൽ കേറ്റേഴ്സ് തയാറാക്കിയ അടപ്രഥമൻ ഉൾപ്പടെയുള്ള ഓണ സദ്യ ചടങ്ങിനു മാറ്റു കൂട്ടി.

ചടങ്ങിൽ മിഷിഗൺ മലയാളി അസ്സോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ജെയിസ് കണ്ണച്ചാൻപറമ്പിൽ എം.സി. ആയിരുന്നു. എംഎംഎ. ട്രഷറാർ വിനോദ് കൊണ്ടൂർ സ്വാഗതവും, സെക്രട്ടറി വിനോദ് തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാപരിപാടികളും അരങ്ങേറി. പ്രമുഖ എഴുത്തുകാരനും സാഹിത്യകാരനുമായ അബ്ദുൾ പുന്നയൂർക്കുളം ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു. പരിപാടിയുടെ മറ്റു പ്രധാന ആകർഷണം, നോർത്ത് അമേരിക്കയിലെ പ്രമുഖ ചെണ്ട മേള ഗ്രൂപ്പായ മോടൗൺ മേളം അവതരിപ്പിച്ച ശിങ്കാരിമേളമാണ്. പരമ്പരാഗത ശിങ്കാരിമേളത്തിനൊപ്പം ആധുനിക ഫ്യൂഷൻ ചെണ്ടമേളത്തിലും അഗ്രഗണ്യരാണ് മോടൗൺ ചെണ്ടമേളം ഗ്രൂപ്പ്.
മിഷിഗണിലും നാട്ടിലുമായി ചാരിറ്റി പ്രവർത്തനങ്ങളും നടത്തി വരുന്ന എംഎംഎ., തുടർന്നും കൂടുതൽ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ചെയ്യും എന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. സംഘടനയ്ക്ക് വേണ്ടി വൈസ് പ്രസിഡൻ്റ് തോമസ് ജോർജ് (ചാച്ചി റാന്നി), സ്പോർട്ട് സ് കോഓർഡിനേറ്റർ ബിജോയിസ് കാവണാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.