സിസിപി അംഗങ്ങൾക്കു പ്രവേശനം വിലക്കാൻ യുഎസിൽ ആലോചന
Thursday, July 16, 2020 10:45 PM IST
വാഷിംഗ്ടൺ ഡിസി: ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയി(സിസിപി)ലെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും യുഎസിൽ പ്രവേശനം വിലക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്.
നിലവിൽ യുഎസിലുള്ള പാർട്ടി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വീസ റദ്ദാക്കാനും ആലോചനയുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് സൈനികർക്കും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും യുഎസിൽ പ്രവേശനം വിലക്കുന്നതും പരിഗണനയിലുണ്ട്.
ഹോങ്കോംഗിനെ നിയന്ത്രിക്കാൻ സുരക്ഷാനിയമം കൊണ്ടുവന്ന ചൈനയ്ക്കെതിരേ കൂടുതൽ നടപടികൾ വേണമെന്നാണ് ട്രംപ് ഭരണകൂടത്തിലെ ചിലരുടെ നിലപാട്. വാണിജ്യത്തിൽ ഹോങ്കോംഗിനു നല്കിയ പ്രത്യേക പരിഗണന എടുത്തുകളഞ്ഞ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.