ലോകത്തെ ആറിലൊരു കുട്ടി കടുത്ത ദാരിദ്ര്യത്തിൽ
Thursday, October 22, 2020 12:05 AM IST
യുഎൻ: ലോകത്തെ ആറ് കുട്ടികളിൽ ഒരാൾ എന്ന കണക്കിൽ അതീവ ദാരിദ്ര്യത്തിലെന്നു യുണിസെഫ്. കോവിഡ് പ്രതിസന്ധി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും ലോകബാങ്കും യുണിസെഫും സംയുക്തമായി നടത്തിയ വിശകലനത്തിൽ പറയുന്നു. പരിമിതമായ സാമൂഹ്യസുരക്ഷാ സംവിധാനങ്ങളുള്ള ആഫ്രിക്കയിൽ സഹാറയുടെ തെക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ ദാരിദ്ര്യം. ഇവിടെ മൂന്നിൽ രണ്ട് കുട്ടികൾ ദാരിദ്ര്യത്തോടു പൊരുതുകയാണ്. ദക്ഷിണേഷ്യയിൽ അഞ്ചിൽ ഒരാൾ എന്ന കണക്കിലാണു കുട്ടികളിലെ ദാരിദ്ര്യം.
പ്രതിദിനം 1.90 ഡോളറോ അതിൽതാഴെയോ ജീവിതച്ചെലവ് ഉള്ളവരെയാണു യുഎൻ മാനദണ്ഡപ്രകാരം പട്ടിണിക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്നത്.
അതീവദാരിദ്ര്യത്തിലുള്ള കുട്ടികളുടെ എണ്ണം 2013 നും 2017 നും ഇടയിൽ കുറഞ്ഞുവെങ്കിലും സമീപ വർഷങ്ങളിൽ നേടിയ ഈ പുരോഗിയെ തകിടംമറിക്കുന്നതാണു കോവിഡിനെത്തുടർന്നുള്ള സാന്പത്തിക പ്രതിസന്ധി. കുട്ടികളും അവരുടെ കുടുംബാംഗങ്ങളും കൂടുതൽ പ്രതിസന്ധിയിലേക്കു നീങ്ങുന്നത് ഒഴിവാക്കാൻ സർക്കാരുകൾ അടിയന്തരമായി കർമപദ്ധതികൾ തയാറാക്കണമെന്ന് യുണിസെഫ് പ്രോഗ്രാം ഡയറക്ടർ സഞ്ജയ് വിജശേഖര പറഞ്ഞു. ചെറിയ കുട്ടികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. വികസ്വര രാജ്യങ്ങളിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളിൽ 20 ശതമാനവും അഞ്ചുവയസിൽ താഴെയുള്ളവരാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.