പുടിൻ-സെലൻസ്കി കൂടിക്കാഴ്ച സാധ്യമെന്ന് റഷ്യ
Monday, August 4, 2025 11:38 PM IST
മോസ്കോ: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാണെന്ന് റഷ്യ.
ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങൾ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയശേഷം സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ പുടിൻ തയാറാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ ചർച്ച അർഥവത്താകണമെങ്കിൽ താനും പുടിനും നേരിട്ടു കൂടിക്കാഴ്ച നടത്തണമെന്ന് സെലൻസ്കി പലവട്ടം പറഞ്ഞിരുന്നു.
എന്നാൽ ഇതുവരെ റഷ്യ ഈ ആവശ്യം തള്ളിക്കളയുകയാണ് ഉണ്ടായിട്ടുള്ളത്. വെടിനിർത്തൽ ധാരണ ഉണ്ടാക്കിയശേഷം മതി കൂടിക്കാഴ്ചയെന്നായിരുന്നു റഷ്യയുടെ നിലപാട്.
തെരഞ്ഞെടുപ്പു കാലാവധി പൂർത്തിയാക്കിയ സെലൻസ്കി ഒപ്പിടുന്ന കരാറുകൾക്ക് സാധുത ഉണ്ടാവില്ലെന്നും റഷ്യ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സമാധാനത്തിൽ താത്പര്യമില്ലാത്തതു കൊണ്ടാണ് പുടിൻ മുഖാമുഖ ചർച്ചയ്ക്കു മടിക്കുന്നതെന്ന് സെലൻസ്കിയും പ്രതികരിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ചർച്ചയ്ക്കായി റഷ്യയിലേക്കു തിരിച്ചതിനു പിന്നാലെയാണ് പുടിൻ-സെലൻസ്കി കൂടിക്കാഴ്ച സാധ്യമാണെന്ന് ക്രെംലിൻ വ്യക്തമാക്കിയത്.
വെടിനിർത്തൽ നീക്കങ്ങൾ ഓഗസ്റ്റ് എട്ടിനകം ഉണ്ടായില്ലെങ്കിൽ റഷ്യക്കെതിരേ കടുത്ത സാന്പത്തിക നടപടികളെടുക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.