എഎസ്ഐ തൂങ്ങിമരിച്ചനിലയിൽ
Thursday, August 22, 2019 12:03 AM IST
ആലുവ: തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരി പുൽപ്രവീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബാബുവിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. തടിയിട്ടപറമ്പ് സ്റ്റേഷനിലെ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
പുലർച്ചെ ഭാര്യയാണ് ആദ്യം സംഭവം കണ്ടത്. ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടുവേദനയെത്തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കഴിഞ്ഞ 18 മുതൽ മെഡിക്കൽ അവധിയിലായിരുന്നു. അവധി നീണ്ടുപോയതിനാൽ സിഐയും എസ്ഐയും ശാസിച്ചിരുന്നതായി ബാബു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എസ്ഐയുടെ മാനസിക പീഡനം സഹിക്കാതായതോടെ സ്ഥലംമാറ്റത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. എസ്ഐയെ കൊണ്ട് തന്റെ ശവം തീറ്റിക്കുമെന്ന് കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് ബാബു പറഞ്ഞിരുന്നതായും അടുത്ത സുഹൃത്തുക്കൾ പറയുന്നു. കൊച്ചി സിറ്റി പോലീസിലെ ഡിവൈഎസ്പിമാരുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു.
27 വർഷമായി സർവീസിലുള്ള ബാബു അടുത്തിടെയാണ് റൂറലിലേക്ക് സ്ഥലം മാറി എത്തിയത്. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
അമ്മ: ചന്ദ്രമതിയമ്മ. വെണ്ണല സ്വദേശി ചന്ദ്രലേഖയാണ് ഭാര്യ. മക്കൾ: കാർത്തിക ബാബു, കിരൺബാബു. സംസ്കാരം കുട്ടമശേരി എൻഎസ്എസ് ശ്മശാനത്തിൽ നടന്നു.