അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുട്ടിയാണെന്നു മന്ത്രി വീണ; അമ്മയറിയാതെ ഏറ്റെടുത്തതിന്റെ തെളിവുണ്ടെന്നു സതീശൻ
Wednesday, October 27, 2021 12:15 AM IST
തിരുവനനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുട്ടിയുടെ ദത്തുമായി ബന്ധപ്പെട്ടും നിയമസഭയിൽ വിവാദം. ശിശുക്ഷേമ സമിതിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുട്ടിയാണെന്നു മന്ത്രി വീണാ ജോർജ് മറുപടിപ്രസംഗത്തിൽ പറഞ്ഞു.
എന്നാൽ, അമ്മയറിയാതെ ബന്ധുക്കൾ കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറിയതാണെന്നും ചാനൽ ചർച്ചകളിൽ അനുപമയുടെ പിതാവ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. അമ്മയുടെ കൈയിൽനിന്നല്ലാതെ കുട്ടിയെ ഏറ്റെടുക്കാൻ ശിശുക്ഷേമസമിതിയുടെ നിയമങ്ങൾ അനുവദിക്കുന്നില്ല.
ഇതിനു വിരുദ്ധമായി പ്രസവിച്ചു മൂന്നാം നാൾ കുട്ടിയെ ദത്തെടുക്കുകയും തുടർന്ന് ആന്ധ്രപ്രദേശ് സ്വദേശികളായ ദന്പതികൾക്കു നൽകുകയും ചെയ്ത ശിശുക്ഷേമസമിതിയുടെ നടപടി ക്രിമിനൽ കുറ്റവും ഗൂഢാലോചനയുമാണ്. ക്രിമിനൽ കുറ്റകൃത്യത്തെ ന്യായീകരിക്കാനാണു മന്ത്രി ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ദത്ത് നടപടിയുടെ ഭാഗമായി പത്രപരസ്യം നൽകിയപ്പോൾ, തന്റെ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു അനുപമ സമിതിയെ സമീപിച്ചു. എന്നാൽ, സെക്രട്ടറി മടക്കി അയച്ചു.
അമ്മ ആവശ്യപ്പെട്ടിട്ടും കുട്ടിയെ വിട്ടുനൽകിയില്ല. സംഭവം വിവാദമായതിനു ശേഷം ദത്തു നൽകിയ നടപടി സ്ഥിരപ്പെടുത്താൻ നീക്കം നടന്നു. ഇതും നിയമവിരുദ്ധവും ക്രിമിനൽ കേസിന്റെ പരിധിയിൽ വരുന്നതാണെന്നും സതീശൻ പറഞ്ഞു.
കുട്ടി അനുപമയുടേത് തന്നെയാണെന്ന് ഇനിയും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ മന്ത്രി വീണാജോർജ്, കുഞ്ഞ് അവരുടേതെന്നു വ്യക്തമായാൽ അവർക്കുതന്നെ ലഭിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.