യോഗി ആദിത്യനാഥിന്റെ വലംകൈയായിരുന്ന സുനിൽ സിംഗ് എസ്പിയിൽ ചേർന്നു
Sunday, January 19, 2020 12:08 AM IST
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വലംകൈയായി ഒരു കാലത്തു പ്രവർത്തിച്ചിരുന്ന സുനിൽ സിംഗ് മുലായം സിംഗിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിയിൽ ചേർന്നു. മുഖ്യമന്ത്രിയാകുന്ന കാലംവരെ യോഗിയുടെ നിഴലായി പ്രവർത്തിച്ചിരുന്ന സുനിൽ സിംഗ് ഹിന്ദു യുവവാഹിനയുടെ (എച്ച്വൈവി) സംസ്ഥാന പ്രസിഡന്റുമായിരുന്നു.
പാറ്റ്നയിലെ സമാജ്വാദി പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ മുലായം സിംഗിന്റെയും അഖിലേഷ് യാദവിന്റെയും സാന്നിധ്യത്തിലാണ് സുനിൽ സിംഗിന്റെ കടന്നുവരവ്. ഏതാനും ബിഎസ്പി നേതാക്കളും ഇതേവേദിയിൽ എസ്പിയിൽ ചേരുകയാണെന്നു പ്രഖ്യാപിച്ചു. യോഗി സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നു ചടങ്ങിൽ സംസാരിച്ച അഖിലേഷ് യാദവ് പറഞ്ഞു. വർഗീയതയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2002ൽ ആദിത്യനാഥ് രൂപീകരിച്ചതാണ് എച്ച് വൈവി. സുനിൽ സിംഗിനെയും മറ്റു ചിലരെയും നേരത്തെ സംഘടനയിൽനിന്നു പുറത്താക്കിയിരുന്നു.