പുൽവാമ പോലുള്ള ആക്രമണം ഉണ്ടായേക്കാം: ഇമ്രാൻ ഖാൻ
Wednesday, August 7, 2019 12:08 AM IST
ഇസ്ലാമാബാദ്: കാഷ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞത് വൻ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ പോലുള്ള ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തിനിടയാക്കിയേക്കുമെന്നും പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ഇമ്രാൻ ഖാൻ പറഞ്ഞു.
കാഷ്മീരികൾ പ്രതിഷേധവുമായി രംഗത്തിറങ്ങും. അവരെ അടിച്ചമർത്താൻ ഇന്ത്യ ഒരുങ്ങും. പുൽവാമ പോലുള്ള ആക്രമണങ്ങൾ ഇനിയും ഉണ്ടായേക്കാം. നമ്മൾ തിരിച്ചടി നല്കും. അപ്പോൾ എന്തു സംഭവിക്കും? ഈ യുദ്ധം ആരു ജയിക്കും? ആരും ജയിക്കാൻ പോകുന്നില്ല. ലോകത്തിനാകെ അത്യന്തം ദാരുണമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതായിരിക്കും ആ യുദ്ധം. ഇമ്രാൻ പറഞ്ഞു.