ജാദവിനു വീണ്ടും നയതന്ത്രസഹായം നൽകാനാവില്ല: പാക്കിസ്ഥാൻ
Friday, September 13, 2019 1:27 AM IST
ഇസ്ലാമാബാദ്: ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനു വീണ്ടും നയതന്ത്രസഹായം നൽകാനാവില്ലെന്നു പാക്കിസ്ഥാൻ. ചാരവൃത്തിക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത ജാദവിനെ പാക് സൈനികകോടതി 2017 ഏപ്രിലിൽ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. ഇതിനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐസിജെ) നിന്ന് ഇന്ത്യ കഴിഞ്ഞ ജൂലൈയിൽ സ്റ്റേ നേടി. ജാദവിന് നയതന്ത്രസഹായം ലഭ്യമാക്കണമെന്നും വിധിയിലുണ്ടായിരുന്നു.
ഇതേത്തുടർന്ന് കഴിഞ്ഞ രണ്ടിന് ഇസ്ലാമാബാദിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ ജാദവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജാദവിനെ പാക്കിസ്ഥാൻ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഈ കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യ ആരോപിച്ചിരുന്നു.
നയതന്ത്ര ഉദ്യോഗസ്ഥരുമായി ജാദവിനു വീണ്ടുമൊരു കൂടിക്കാഴ്ച അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. വിഷയത്തിൽ കൂടുതൽ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല. തയാറായിട്ടുമില്ല.
കർതാപുർ ഇടനാഴിയിലൂടെ സഞ്ചരിക്കുന്നവരിൽനിന്ന് 20 യുഎസ് ഡോളർ വീതം ഈടാക്കുമെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. പ്രവേശനത്തിനുള്ള തുകയല്ല മറിച്ച്, സേവനത്തിനുള്ള തുകയാണെന്നാണു വിശദീകരണം.
ജമ്മു കാഷ്മീരിനുവേണ്ടിയുള്ള 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ പേരിൽ അന്താരാഷ്ട്രവേദികളിൽ വരെ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ പ്രചാരണം നടത്തുന്നതിനിടെയാണ് ജാദവിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ നിലപാട് കടുപ്പിച്ചത്.
2016 മാർച്ച് മൂന്നിന് ബലൂചിസ്ഥാനിൽ നിന്ന് യാദവിനെ അറസ്റ്റ്ചെയ്തുവെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. എന്നാൽ, ഇറാനിൽ നിന്ന് ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയെന്നാണ് ഇന്ത്യയുടെ നിലപാട്.
കുൽഭൂഷൺ യാദവിനു നയതന്ത്ര സഹായം ലഭിക്കാനുള്ള ശ്രമം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് പാക്കിസ്ഥാനുമായി ഇനിയും ആശയവിനിമയം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.