രാജിവയ്ക്കില്ലെന്നു ബോറീസ് ജോൺസൻ
Tuesday, October 15, 2019 1:10 AM IST
ലണ്ടൻ: ഒക്ടോബർ 31നു ബ്രെക്സിറ്റ് നടപ്പാക്കുന്നതിനാണു തന്റെ സർക്കാർ മുൻഗണന നൽകുന്നതെന്ന് ഇന്നലെ പാർലമെന്റിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി വ്യക്തമാക്കി.
രാജ്ഞിയുടെ പ്രസംഗത്തിന്മേൽ അടുത്തയാഴ്ച ചർച്ചയ്ക്കുശേഷം വോട്ടെടുപ്പു നടക്കും.വോട്ടെടുപ്പിൽ പരാജയപ്പെട്ടാലും ബോറീസ് ജോൺസൻ പ്രധാനമന്ത്രി പദം രാജിവയ്ക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വക്താവ് അറിയിച്ചു. പാർലമെന്റിൽ ജോൺസന് ഭൂരിപക്ഷമില്ല.
ആരോഗ്യരംഗത്ത് വരുത്തുന്ന പരിഷ്കാരങ്ങൾ, റെയിൽവേ പരിഷ്കാരം, പുതിയ കെട്ടിട നിർമാണച്ചടങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ചും പ്രസംഗത്തിൽ പരാമർശമുണ്ട്. രാജ്ഞിയുടെ പ്രസംഗം തെരഞ്ഞെടുപ്പു പത്രിക പോലെയാണെന്നു പ്രതിപക്ഷ ലേബർ നേതാവ് ജെറമി കോർബിൻ ആക്ഷേപിച്ചു.