രണ്ടു മുൻ പ്രധാനമന്ത്രിമാർക്ക് അൾജീരിയയിൽ തടവുശിക്ഷ
Tuesday, December 10, 2019 11:38 PM IST
അൾജിയേഴ്സ്:അൾജീരിയയിലെ രണ്ടു മുൻ പ്രധാനമന്ത്രിമാർക്ക് അഴിമതിക്കേസിൽ തടവുശിക്ഷ. പുറത്താക്കപ്പെട്ട പ്രസിഡന്റ് ബോട്ടിഫ്ളിക്കയുടെ അനുയായികളായിരുന്ന അഹമ്മദ് അവുയാഹിയ, അബ്ദൽമലേക് സെല്ലാൽ എന്നീ മുൻ പ്രധാനമന്ത്രിമാരെയാണ് യഥാക്രമം പതിനഞ്ചും പന്ത്രണ്ടും വർഷം തടവിനു ശിക്ഷിച്ചത്.
പുറത്താക്കപ്പെട്ട പ്രസിഡന്റ് ബോട്ടിഫ്ലിക്കയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് നടക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കേയാണു രണ്ടു മുൻ പ്രധാനമന്ത്രിമാരെ ദീർഘകാല ജയിൽശിക്ഷയ്ക്കു വിധിച്ചതെന്നതു ശ്രദ്ധേയമാണ്.
1962ൽ ഫ്രാൻസിൽ നിന്നു സ്വാതന്ത്ര്യം നേടിയ അൾജീരിയയിൽ ആദ്യമായാണ് ഇത്രയും ഉന്നതപദവിയിലുള്ളവരെ അഴിമതിക്കേസിൽ വിചാരണ നടത്തി ശിക്ഷിക്കുന്നത്. ഇവരോടൊപ്പം മറ്റു 19 പേരും വിചാരണ ചെയ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ, അധികാര ദുർവിനിയോഗം, അനധികൃതമായി ആനുകൂല്യങ്ങൾ നൽകൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. രണ്ടു മുൻ വ്യവസായ മന്ത്രിമാർക്ക് പത്തുവർഷം വീതം തടവുശിക്ഷ കിട്ടി.
നാലു ബിസിനസുകാരെ ഏഴുവർഷം വീതം തടവിനു ശിക്ഷിച്ചു. പകരം വീട്ടുന്നതിനായി രാഷ്ട്രീയ ലാക്കോടെ കെട്ടിച്ചമച്ച കേസുകളാണിവയെന്ന് ആരോപിച്ച് പ്രതിഭാഗം അഭിഭാഷകർ വിചാരണ ബഹിഷ്കരിച്ചു.