കൊറോണ ഭീതി: ചൈന മൂന്നു നഗരങ്ങൾ അടച്ചു
Thursday, January 23, 2020 10:56 PM IST
ബെയ്ജിംഗ്: ചൈനയിൽ ഭീതിവിതച്ച് അതിവേഗം പടരുന്ന കൊറോണ വൈറസ് രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി യാത്രാവിലക്ക് ഏർപ്പെടുത്തി മൂന്നു നഗരങ്ങൾ അധികൃതർ അടച്ചു.
ആദ്യം രോഗബാധ റിപ്പോർട്ടു ചെയ്ത വുഹാനു പുറമേ ഹുവാംഗ്ഗാങ്, എഴു എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി. മൂന്നു നഗരങ്ങളിലുംകൂടി രണ്ടുകോടി ജനങ്ങളാണുള്ളത്. ഇവർ പ്രായേണ ഒറ്റപ്പെട്ട നിലയിലാണ്.
വിലക്ക് വരുന്നതിനു മുന്പ് നിരവധി പേർ പലായനം ചെയ്തിരുന്നു. വുഹാനിലുള്ള ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളിൽ കുറേപ്പേർ പരീക്ഷ കഴിഞ്ഞതിനെത്തുടർന്നു നേരത്തെ നാട്ടിലേക്കു മടങ്ങുകയുണ്ടായി.
വുഹാനു ചുറ്റുമുള്ള ഹൈവേ ടോളുകൾ അടച്ചതോടെ റോഡ് ഗതാഗതം നിലച്ചു. വിമാന സർവീസുകളും ട്രെയിൻ സർവീസുകളും നിർത്തിവച്ചു.
ചൈനീസ് പുതുവത്സരം പ്രമാണിച്ചുള്ള ആഘോഷ പരിപാടികൾ ബെയ്ജിംഗ് മുനിസിപ്പൽ ബ്യൂറോ റദ്ദാക്കി. ബെയ്ജിംഗിൽ പുരാതന കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്ന ഫോർബിഡൻ സിറ്റി(നിരോധിത നഗരം) ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല.
മരണസംഖ്യ ഇതിനകം 25 ആയി ഉയർന്നു. 700ൽ അധികം പേർ ചികിത്സയിലുണ്ട്. എന്നാൽ വുഹാനിൽ മാത്രം നാലായിരത്തിലധികം പേർക്ക് രോഗം പിടിപെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ലണ്ടനിലെ ഇംപീരിയൽ കോളജിന്റെ റിപ്പോർട്ടിൽ പറഞ്ഞു. രോഗബാധ റിപ്പോർട്ടു ചെയ്ത സ്ഥലങ്ങളിൽ മാസ്ക് ധരിച്ചാണ് ജനങ്ങൾ പുറത്തിറങ്ങുന്നത്. സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ മുഴുവൻ തീർന്നു.
ഇതിനിടെ ചൈനയിലെ വിവിധ നഗരങ്ങൾക്കു പുറമേ ജപ്പാൻ ,യുഎസ് , ദക്ഷിണകൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
വുഹാനിൽ നിന്നു മടങ്ങിഎത്തിയവർക്കാണു രോഗം പിടിപെട്ടത്. മിക്ക രാജ്യങ്ങളും എയർപോർട്ടിൽ സ്ക്രീനിംഗ് ശക്തമാക്കി.