വാട്സാപ്പ് സുരക്ഷിതമല്ല; യുഎന്നിൽ വിലക്ക്
Friday, January 24, 2020 11:16 PM IST
യുണൈറ്റഡ് നേഷൻസ്: വാട്സാപ്പിലൂടെയുള്ള സന്ദേശകൈമാറ്റം സുരക്ഷിതമല്ലെന്നു യുഎൻ. യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥൻ വാട്സാപ്പ് ഉപയോഗിക്കുന്നതിനു വിലക്കുള്ളതായി യുഎൻ വക്താവ് ഫർഹാൻ ഹഖ് അറിയിച്ചു.
ആമസോൺ മേധാവി ജെഫ് ബെസോസിന്റെ ഫോൺ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ വാട്സാപ്പ് സന്ദേശം ഉപയോഗിച്ച് ഹാക്ക് ചെയ്തുവെന്ന റിപ്പോർട്ടിനു പിന്നാലെയാണ് യുഎൻ വക്താവ് ഇതു പറഞ്ഞത്.
ജീവനക്കാർ വാട്സാപ്പ് ഉപയോഗിക്കരുതെന്ന നിർദേശം കഴിഞ്ഞ ജൂണിൽ തന്നെ യുഎൻ പുറപ്പെടുവിച്ചിരുന്നുവത്രേ. യുഎൻ സെക്രട്ടറി ജനറൽ അന്റോണി ഗുട്ടെരസും വാട്സാപ്പ് ഉപയോഗിക്കാറില്ലെന്നു വക്താവ് പറഞ്ഞു.
ബെസോസിന്റെ ഫോൺ ചോർത്തിയ സംഭവം വൻ വിവാദമായി മാറിയിരിക്കുകയാണ്. 2018 മേയിലാണ് സംഭവം നടന്നത്. മുഹമ്മദ് ബിൻ സൽമാന്റെ വാട്സാപ്പ് അക്കൗണ്ടിൽനിന്ന് ബെസോസിന്റെ ഐഫോണിലേക്ക് മാൽവേർ വീഡിയോ അയച്ചാണ് ഹാക് ചെയ്തത്.
സംഭവം വളരെ ഗൗരവമു ള്ളതാണെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. യുഎസും ബന്ധപ്പെട്ട മറ്റുള്ളവരും അന്വേഷണം നടത്തണമെന്ന് യുഎൻ ആവശ്യപ്പെട്ടു.