ലോകത്തിൽ 60 ലക്ഷം നഴ്സുമാരുടെ കുറവ്: ഡബ്ല്യുഎച്ച്ഒ
Wednesday, April 8, 2020 12:00 AM IST
ജനീവ: ലോകത്തിൽ 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഡബ്ല്യുഎച്ച്ഒയും അന്തർദേശീയ നഴ്സിംഗ് കൗണ്‍സിലും (ഐസിഎൻ) സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
നഴ്സുമാർ ആരോഗ്യക്ഷേമ സംവിധാനത്തിന്റെ നട്ടെല്ലാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയൂസിസ് പറഞ്ഞു. ലോകത്തിൽ 2.8 കോടി നഴ്സുമാരുണ്ട്. 2018 വരെയുള്ള അഞ്ചു വർഷക്കാലയളവിൽ നഴ്സുമാരുടെ എണ്ണത്തിൽ 47 ലക്ഷത്തിന്റെ വർധനയുണ്ടായി. ആഫ്രിക്ക, തെക്കുപടിഞ്ഞാറൻ ഏഷ്യ, പശ്ചിമേഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് നഴ്സുമാരുടെ കുറവുള്ളത്.
നഴ്സുമാരുടെ എണ്ണം കുറവുള്ളിടത്ത് രോഗം ബാധിക്കാനും മരണനിരക്ക് ഉയരാനും സാധ്യതയുണ്ട്- ഐസിഎൻ ചീഫ് എക്സിക്യൂട്ടീവ് ഹോവാർഡ് കാട്ടൂണ് പറഞ്ഞു. കോവിഡ് ബാധിച്ച് ഇറ്റലിയിൽ 22 നഴ്സുമാർ മരിച്ചു. ലോകത്ത് കോവിഡ് ബാധിച്ച് 100 ആരോഗ്യപ്രവർത്തകർ മരിച്ചെന്നും അദ്ദേഹം പറഞ്ഞു.