ട്രംപിനു തിരിച്ചടി; പെൻസിൽവേനിയയിൽ ഹർജി തള്ളി
Sunday, November 22, 2020 11:32 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിയെ നിയമനടപടികളിലൂടെ മറികടക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾക്കു വീണ്ടും തിരിച്ചടി. പെൻസിൽവേനിയ സംസ്ഥാനത്തു ക്രമക്കേട് നടന്നുവെന്നാരോപിച്ചു ട്രംപിന്റെ ടീം നല്കിയ ഹർജി കോടതി തള്ളി.
സംസ്ഥാനത്തെ തപാൽവോട്ടുകൾ മുഴുവൻ അസാധുവാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഏതാണ്ട് എഴുപതു ലക്ഷം പേരുടെ വോട്ടവകാശം റദ്ദാക്കണമെന്ന ആവശ്യമാണു ട്രംപ് ടീം ഉന്നയിക്കുന്നതെന്നു ജഡ്ജി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൽ ട്രംപിനെ തോല്പിച്ച ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡൻ പെൻസിൽവേനിയയിൽ 80,000 വോട്ടുകളുടെ ലീഡ് ആണു നേടിയിട്ടുള്ളത്.
മറ്റു ചില സംസ്ഥാനങ്ങളിലും ക്രമക്കേട് ആരോപിച്ചു ട്രംപിന്റെ ടീം കോടതി കയറിയെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല. ജോർജിയ സംസ്ഥാനത്ത് ട്രംപിന്റെ ആവശ്യപ്രകാരം കൈകൊണ്ട് രണ്ടാമതു വോട്ടെണ്ണിയിട്ടും ബൈഡനാണു ജയിച്ചത്.
538 അംഗ ഇലക്ടറൽ കോളജിൽ 306 വോട്ടുകൾ ഉറപ്പിച്ചാണു ബൈഡൻ വിജയിച്ചത്. ട്രംപിന് 232 ഇലക്ടറൽ വോട്ടുകളേ ലഭിച്ചിട്ടുള്ളൂ.
പെൻസിൽവേനിയ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ട്രംപ് തെരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാൻ തയാറാകണമെന്ന് അദ്ദേഹത്തിന്റ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ സെനറ്റർ പാറ്റ് ടൂമി ആവശ്യപ്പെട്ടു.