പ്രളയം: ജര്‍മനിയില്‍ 133 മരണം, ഡാം തകർന്നു
Sunday, July 18, 2021 12:12 AM IST
ബര്‍ലിന്‍: രണ്ടു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തില്‍ ജര്‍മനിയില്‍ ഡാം തകര്‍ന്നു. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ഹെന്‍സ്ബര്‍ഗ് ജില്ലയിലാണ് ഡാം തകര്‍ന്നത്. തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍നിന്ന് 700 പേരെ ഒഴിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മണ്ണിടിച്ചിലിലുമായി 133 പേർ മരിച്ചു. റൈൻലാന്റ്-പലാറ്റിനേറ്റ് സംസ്ഥാനത്ത് 90ഉം നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് 43ഉം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. തെരുവുകളും വീടുകളും വെള്ളത്തില്‍ മുങ്ങി.
മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ 1300 ആളുകള്‍ക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. രണ്ടുലക്ഷത്തോളം ആളുകൾക്കു വൈദ്യുതി ഇല്ലാതായി. ഡാം തകർന്നതു മൂലമുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല. പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മയര്‍ ദുരന്തബാധിത പ്രദേശമായ റെയിന്‍ എര്‍ഫ്റ്റ് സന്ദര്‍ശിച്ചു.
ദിവസങ്ങളായി തുടർന്ന പേമാരിയാണ് പടിഞ്ഞാറൻ യൂറോപ്പിൽ പ്രളയദുരന്തത്തിനു കാരണമായത്. നെതർലാന്റ്സ്, ലക്സംബർഗ്, സ്വിറ്റ്സർലന്റ് രാജ്യങ്ങളും കെടുതി നേരിടുന്നു.
ബെൽജിയത്തിലെ പത്തു പ്രവിശ്യകളിൽ നാലിലും പട്ടാളം രക്ഷാപ്രവർത്തനത്തിനിറങ്ങി. ലീജ് നഗരത്തിൽ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകരെ വിന്യസിച്ചു. ചൊവ്വാഴ്ച ദേശീയ ദുഃഖാചരണം നടത്താൻ ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ ഉത്തരവിട്ടു. രാജ്യം നേരിട്ട ഏറ്റവും വലിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു.
നെതർലാൻഡ്സിൽ ആയിരങ്ങളാണ് വീടുകൾ ഉപേക്ഷിച്ചു പോയത്. സ്വിറ്റ്സർലൻഡിൽ തടാകങ്ങളും നദികളും കരകവിഞ്ഞു.
ജോസ് കുമ്പിളുവേലില്‍