ലിബിയൻതീരത്ത് ബോട്ട് തകർന്ന് 57 കുടിയേറ്റക്കാർ മരിച്ചു
Wednesday, July 28, 2021 12:33 AM IST
ട്രിപ്പോളി: ലിബിയൻതീരത്ത് ഖുംസിനു സമീപം ബോട്ട് തകർന്ന് 57 പേർ മരിച്ചതായി കുടിയേറ്റക്കാർക്കുള്ള അന്താരാഷ്ട്ര സംഘടനാ വക്താവ് സഫ മസിഹ്ലി പറഞ്ഞു. തിങ്കാളാഴ്ച ഖുംസിനു സമീപം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 57 പേർ മുങ്ങിമരിച്ചതായി ലിബിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. പതിനെട്ടു പേരെ മീൻപിടിത്തക്കാർ രക്ഷപ്പെടുത്തി. എൻജിൻ തകരാറിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ബോട്ട് കടൽക്ഷോഭത്തിൽ തകരുകയായിരുന്നു. നൈജീരിയ, ഘാന, ഗാംബിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളാണു ബോട്ടിലുണ്ടായിരുന്നത്.