കുട്ടികളിൽ കോവിഡ് വേഗത്തിൽ ഭേദമാകുന്നുവെന്ന് പഠനം
Wednesday, August 4, 2021 11:28 PM IST
ലണ്ടൻ: കോവിഡ് ബാധിതരായ കുട്ടികളിൽ ഭൂരിഭാഗവും ആറുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങളിൽനിന്നു മുക്തരാകുമെന്നു യുകെയിൽ നടത്തിയ പഠനം കണ്ടെത്തി. രോഗം ബാധിച്ച് ഒരുമാസത്തിനുശേഷവും കുട്ടികളിൽ രോഗലക്ഷണങ്ങൾ അവശേഷിക്കുന്നത് വിരളമാണെന്നും യുകെയിലെ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു.
കോവിഡ് ബാധിതരായ കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും പരിചാരകരിൽ നിന്നും മൊബൈൽഫോൺ ആപിലൂടെയാണ് ഇതിനായുള്ള വിവരശേഖരണം നടത്തിയത്. കോവിഡ് ലക്ഷണങ്ങൾ ദീർഘകാലം നിലനിൽക്കുന്ന കുട്ടികളുടെ എണ്ണം തുലോം കുറവാണെന്ന് ഇതിലൂടെ വ്യക്തമായതായി പഠനത്തിനു നേതൃത്വം നൽകിയ ലണ്ടനിലെ കിംഗ് കോളജിലെ പ്രഫ. എമ്മ ഡങ്കൻ പറഞ്ഞു.
കോവിഡ് ബാധിച്ച ഒട്ടേറെ കുട്ടികളിൽ ലക്ഷണങ്ങൾപോലും പ്രകടമാകാത്ത സാഹചര്യം ഉണ്ടായി. അഞ്ചിനും 17നുമിടയിൽ പ്രായമുള്ള 250,000 സ്കൂൾകുട്ടികളിലായിരുന്നു പഠനം. 2020 സെപ്റ്റംബർ ഒന്നിനും 2021 ഫെബ്രുവരി 22നും ഇടയിലുള്ള വിവരങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്.