കുട്ടികളുടെ കുറ്റകൃത്യങ്ങൾ: ചൈനയിൽ മാതാപിതാക്കൾക്കു ശിക്ഷ ലഭിക്കുന്ന നിയമം
Wednesday, October 20, 2021 12:51 AM IST
ബെയ്ജിംഗ്: ചെറിയ കുട്ടികൾ കുറ്റകൃത്യവാസന പ്രകടിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ രക്ഷിതാക്കൾക്കു ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം ചൈന പരിഗണിക്കുന്നു. താക്കീതും അവബോധന ക്ലാസുകളുമായിരിക്കും രക്ഷിതാക്കൾക്കുള്ള ശിക്ഷ.
കുടുംബവിദ്യാഭ്യാസ പ്രോ ത്സാഹന നിയമം എന്ന ബിൽ ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസി(എൻപിസി)ന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ഈയാഴ്ച പരിഗണിക്കും. മാതാപിതാക്കൾക്കു കുടുംബജീവിതത്തെക്കുറിച്ചു ശരിയായ അവബോധമില്ലാത്തതാണു കുട്ടികൾ വഷളാകാൻ കാരണമെന്ന് പാർലമെന്റ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ കാര്യത്തിൽ കർശനവ്യവസ്ഥകൾ തുടരുന്ന ചൈന കുറച്ചുനാൾ മുന്പ് ഓൺലൈൻ ഗെയിമിംഗിനു സമയപരിധി നിശ്ചയിച്ചിരുന്നു. ഇന്റർനെറ്റ് സെലിബ്രിറ്റികളോടുള്ള കുട്ടികളുടെ അന്ധമായ ആരാധന നിയന്ത്രിക്കാനും ചൈനീസ് സർക്കാർ നടപടികൾ എടുത്തിട്ടുണ്ട്.