വൈറലായി മാർപാപ്പയുടെ നർമം
Friday, May 20, 2022 2:13 AM IST
വത്തിക്കാൻ സിറ്റി: തന്റെ മുട്ടുവേദനയെക്കുറിച്ചു ചോദിച്ച മെക്സിക്കൻ വിശ്വാസികളോടു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ നർമം സമൂഹമാധ്യമങ്ങളിലടക്കം വൈറലായി. മെക്സിക്കോയുടെ ദേശീയപാനീയമായിഅറിയപ്പെടുന്ന ടെക്വില എന്ന മദ്യം കാൽമുട്ടുവേദനയ്ക്ക് ആശ്വാസം പകരുമെന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ചിരിച്ചുകൊണ്ടു തമാശയായി പറഞ്ഞത്.
വത്തിക്കാനിൽ പോപ്പ്മൊബൈലിൽ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് രണ്ടു മെക്സിക്കൻ വിശ്വാസികൾ മുട്ടുവേദന എങ്ങനെയുണ്ടെന്നു മാർപാപ്പയോടു ചോദിച്ചത്. “എന്റെ മുട്ടുവേദനയ്ക്ക് എന്താണു വേണ്ടതെന്ന് നിങ്ങൾക്കറിയാമോ? അല്പം ടെക്വില”- മാർപാപ്പയുടെ മറുപടി ഉടൻ വന്നു. ഇതുകേട്ടു പൊട്ടിച്ചിരിച്ച മെക്സിക്കോക്കാർ, നാട്ടിൽനിന്നു ടെക്വില എത്തിക്കാമെന്നു മാർപാപ്പയോടു പറഞ്ഞു.
വലതുകാൽമുട്ടുവേദനയെത്തുടർന്ന് മാർപാപ്പ ജൂണിൽ നടത്താനിരുന്ന ലെബനൻ സന്ദർശനം റദ്ദാക്കിയിരുന്നു. വാതരോഗവും മാർപാപ്പയെ അലട്ടുന്നുണ്ട്. ഇതുമൂലം കാലിനും വേദനയുണ്ട്. പൊതുപരിപാടികൾക്കു മാർപാപ്പ വീൽചെയറിലാണ് എത്തുന്നത്.