ആന്റണി ആൽബനീസ് തിങ്കളാഴ്ച അധികാരമേൽക്കും
Sunday, May 22, 2022 2:25 AM IST
കാൻബറ: ഓസ്ട്രേലിയയിൽ ആന്റണി ആൽബനീസിന്റെ മധ്യ-ഇടതുപക്ഷ ലേബർ പാർട്ടി അധികാരത്തിൽ. സ്കോട്ട് മോറിസന്റെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാരിനെ പരാജയപ്പെടുത്തിയാണ് രാജ്യത്തിന്റെ 37 മതു പ്രധാനമന്ത്രിയായി ആന്റണി ആൽബനീസ് ചുമതലയേൽക്കുന്നത്. ക്വാഡ് നേതാക്കളുടെ യോഗം നടക്കുന്നതിനാൽ പുതിയ മന്ത്രിമാർ തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങുമെന്നു പാർട്ടി ആസ്ഥാനത്ത് വോട്ടർമാരെ അഭിസംബോധന ചെയ്ത് നിയുക്ത പ്രധാനമന്ത്രി പറഞ്ഞു.
പകുതിയിലേറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾത്തന്നെ ലേബർ അധികാരം ഉറപ്പിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ പ്രശ്നങ്ങളിലെ അനാസ്ഥയാണു സ്കോട്ട് മോറിസന്റെ നേതൃത്വത്തിലുള്ള ലിബറലുകളുടെ പരാജയത്തിനു വഴിതെളിച്ചത്.
2007 നുശേഷം ആദ്യമായാണു ലേബർ പാർട്ടി ഓസ്ട്രേലിയയിൽ അധികാരത്തിലെത്തുന്നത്. 151 അംഗ പാർലമെന്റിൽ 76 സീറ്റുകളാണു കേവലഭൂരിപക്ഷത്തിനു വേണ്ടത്.