അൽ ഷബാബ് ആക്രമണം: 54 യുഗാണ്ടൻ സൈനികർ കൊല്ലപ്പെട്ടു
Sunday, June 4, 2023 11:31 PM IST
കംപാല: അൽക്വയ്ദാ ബന്ധമുള്ള അൽ ഷബാബ് ഭീകരർ കഴിഞ്ഞമാസം അവസാനം സൊമാലിയയിൽ നടത്തിയ ആക്രമണത്തിൽ 54 യുഗാണ്ടൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. യുഗാണ്ടൻ പ്രസിഡന്റ് യൊവേരി മുസെവേനിയാണ് ഇക്കാര്യം അറിയിച്ചത്.
സൊമാലിയായിൽ വിന്യസിച്ചിട്ടുള്ള ആഫ്രിക്കൻ സമാധാന സേനയുടെ ഭാഗമായിരുന്നു ഇവർ. മൊഗാദിഷുവിൽനിന്നു 130 കിലോമീറ്റർ അകലെ ബുലാമരേറിലുള്ള ദൗത്യസേനാ ക്യാന്പിൽ മേയ് 26നാണ് ആക്രമണമുണ്ടായത്. ചാവേർ സ്ഫോടനത്തിൽ 137 പട്ടാളക്കാരെ വധിച്ചുവെന്ന് അൽ ഷബാബ് അവകാശപ്പെട്ടിരുന്നു.
യുഗാണ്ടൻ പ്രസിഡന്റ് മുസവേനി ആക്രമണവാർത്ത സ്ഥിരീകരിച്ചിരുന്നെങ്കിലും മരണസംഖ്യ ഇപ്പോഴാണു പുറത്തുവിടുന്നത്. യുഗാണ്ടൻ പട്ടാളക്കാർ ഭീകരരെ തുരത്തി ക്യാന്പ് തിരിച്ചുപിടിച്ചുവെന്നും പ്രസിഡന്റ് അറിയിച്ചു.