നിരവധിയായ യുദ്ധങ്ങളും സായുധസംഘർഷങ്ങളും മൂലം നിരവധി അഫ്ഗാൻ പൗരന്മാർക്ക് സ്വരാജ്യം വിട്ടുപോകേണ്ടി വന്നിട്ടുണ്ടെന്നത് താൻ അറിയുന്നുണ്ടെന്നും ഇറ്റലിയിലെത്തിയ ചില അഫ്ഗാൻ കുടുംബങ്ങളെ താൻ നേരിൽ കണ്ടുമുട്ടിയിട്ടുണ്ടെന്നും മാർപാപ്പ അനുസ്മരിച്ചു.
അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും പൊതുസമൂഹം തങ്ങളുടെ പാരമ്പര്യങ്ങളിലും സംസ്കാരത്തിലും അഭിമാനിക്കുന്ന വിവിധ ജനതകളെ ഉൾക്കൊള്ളുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഏവരുടെയും അവകാശങ്ങളെ മാനിക്കുന്ന ഒരു സ്ഥിതിയാണ് അവിടെ ഉണ്ടാകേണ്ടതെന്നു പറഞ്ഞ മാർപാപ്പ, എന്നാൽ പലപ്പോഴും ഈ രാജ്യങ്ങളിൽ വൈവിധ്യം വിവേചനങ്ങൾക്കും അവഗണനയ്ക്കും ചിലപ്പോഴെങ്കിലും പീഡനങ്ങൾക്കും കാരണമായി മാറുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.