ബിബി ദ സൂപ്പര്‍
Monday, September 9, 2019 12:18 AM IST
ന്യൂയോര്‍ക്ക്: അപ്രതീക്ഷമെന്നോ അട്ടിമറിയെന്നോ പറയാനാകില്ല ഈ ചരിത്ര വിജയത്തെ... 24-ാം ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടം തേടി ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിനെ തകര്‍ത്ത് കാനഡയുടെ ആദ്യ ഗ്രാന്സ്ലാം സിംഗിള്‍സ് ചാമ്പ്യനാവുക എന്നത് ‘’ബിബി’’ എന്ന ബിയാങ്ക ആന്ദ്രേസ്കൂവിന് ഒരു നിയോഗം തന്നെയായിരുന്നു. 1999ല്‍ സെറീന യുഎസ് ഓപ്പണിലൂടെ ആദ്യ ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടം ചൂടുമ്പോള്‍ ബിയാങ്ക ജനിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍തന്നെ പത്തൊമ്പതുകാരിയായ ബിയാങ്കയും മുപ്പത്തിയേഴുകാരിയായ സെറീനയും തമ്മിലുള്ള ഗ്രാന്സ്ലാം പോരാട്ടം ടെന്നീസ് ലോകത്തിന്റെ തന്നെ ശ്രദ്ധയാര്‍ജിച്ചിരുന്നു.
മരിയ ഷറപ്പോവയ്ക്കു ശേഷം ഗ്രാന്സ്ലാം കിരീടം നേടുന്ന കൗമാരതാരം, കാനഡയുടെ ആദ്യ ഗ്രാന്സ്ലാം സിംഗിള്‍സ് ചാമ്പ്യന്‍, 2000നു ശേഷം ജനിച്ച് ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ താരം, ആദ്യ ശ്രമത്തില്‍ തന്നെ യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ താരം എന്നിങ്ങനെ ഒരു പിടി റിക്കാര്‍ഡുകളാണ് ഒറ്റ ദിവസം കൊണ്ട് ബിയാങ്ക സ്വന്തം പേരില്‍ കുറിച്ചത്. ബിയാങ്കയുടെ വിജയം കാനഡയെ മാത്രമല്ല റൊമാനിയയെക്കൂടിയാണ് ആഹ്ലാദത്തിലാഴ്ത്തിയത്. കാരണം റൊമാനിയയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് ബിയാങ്കയുടെ മാതാപിതാക്കള്‍.
2000 ജൂണ്‍ 16ന് കാനഡയിലെ ഒന്റാറിയോ നഗരത്തിലെ മിസ്സിസോഗയില്‍ ജനിച്ച ബിയാന്‍ക ടെന്നീസില്‍ ഇനിയുള്ള നാളുകള്‍ തന്റേതെന്ന് അടിവരയിടുന്ന പ്രകടനമാണ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീനയ്ക്കെതിരേ പുറത്തെടുത്തത്. 6-3, 7-5 എന്ന സ്കോറിനാണ് 23 ഗ്രാന്സ്ലാം സ്വന്തമായുള്ള അമേരിക്കന്‍ താരത്തെ നിഷ്പ്രഭമാക്കിയത്. ആദ്യ സെറ്റില്‍ തന്നെ സെറീനയുടെ സര്‍വീസ് രണ്ടു തവണ ബ്രേക്ക് ചെയ്ത ബിയാങ്ക 6-3ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സെറീനയുടെ സെര്‍വ് മൂന്നു തവണ ബ്രേക്ക് ചെയ്ത ബിയാങ്ക 5-1ന്റെ ലീഡെടുത്തു. മത്സരം അവസാനിച്ചുവെന്നു തന്നെ ഏവരും കരുതി. എന്നാല്‍ എന്തുകൊണ്ട് സെറീന ഇതിഹാസമാകുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്നത്. മാച്ച് പോയിന്റില്‍ നിന്ന് ബിയാങ്കയുടെ സെര്‍വ് ബ്രേക്ക് ചെയ്ത സെറീന. പീന്നീട് രണ്ടു തവണ കൂടി അത് ആവര്‍ത്തിച്ചു. സ്കോര്‍ 5-5, എന്നാല്‍ അടുത്ത സെര്‍വ് നില നിര്‍ത്തിയ ബിയാങ്ക 6-5ന് ലീഡ് ചെയ്തു. എന്നാല്‍ നിര്‍ണായക സമയത്ത് സെറീനയ്ക്ക് സ്വന്തം സെര്‍വ് പിഴച്ചപ്പോള്‍ ഒരു കിടിലന്‍ വിന്നറിലൂടെ പത്തൊമ്പതുകാരി സെറ്റും മത്സരവും കൈപ്പിടിയിലൊതുക്കി. തുടര്‍ച്ചയായ നാലാം ഗ്രാന്‍സ് ലാം ഫൈനലിലാണ് സെറീന പരാജയപ്പെടുന്നത്.
ബിയാങ്കയ്ക്ക് ഒരു ഭാഗ്യത്തിന്റെ പുറത്ത് കിട്ടിയതല്ല ഈ കിരീടം. 2017ല്‍ പ്രഫഷണല്‍ ടെന്നീസില്‍ അരങ്ങേറിയ ബിയാങ്കയ്ക്ക് 2018 അത്ര ശോഭനമായിരുന്നില്ല. പരിക്ക് അലട്ടിയ താരം 2019ല്‍ കളത്തിലേക്ക് പൂര്‍ണ ആരോഗ്യവതിയായി തിരിച്ചെത്തി. അത് ഒന്നൊന്നര വരവായിരുന്നു.
ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ബിയാങ്ക കൊടുങ്കാറ്റായി. ഗ്രാന്സ്ലാം ചാമ്പ്യന്മാരും മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളുമായ ഗാര്ബിന് മുഗുരുസ, സിമോണ ഹാലെപ്, ആഞ്ചലിക് കെര്‍ബര്‍ എന്നിവരെയുള്‍പ്പെടെ കടപുഴക്കി കിരീടം ചൂടിയാണ് ബിബി ലോകത്തെ ഞെട്ടിച്ചത്. വൈല്‍ഡ് കാര്ഡിലെത്തി ഒരു താരം ചാമ്പ്യനാകുന്നത് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. പിന്നീട് പരിക്ക് മൂലം കോര്‍ട്ടില്‍ നിന്ന് ഹൃസ്വകാലത്തേക്ക് വിടവാങ്ങിയ താരം സ്വന്തം നാട്ടില്‍ നടക്കുന്ന റോജേഴ്സ് കപ്പിലൂടെ തിരിച്ചെത്തി. കിക്കി ബെര്‍ട്ടന്‍സ്, കരോളിന പ്ലീഷ്കോവ തുടങ്ങിയ ടോപ് ടെന്‍ താരങ്ങളെ തോല്‍പ്പിച്ച് ഫൈനലിലെത്തി. ഫൈനലില്‍ പരിക്കിനെത്തുടര്‍ന്ന് സെറീന വില്യംസ് പിന്മാറിയതോടെ നാട്ടുകാരുടെ മുമ്പില്‍ കീരിടം. ചാമ്പ്യന്‍ഷിപ്പില്‍ 50 വര്‍ഷത്തിനു ശേഷമായിരുന്നു ഒരു കനേഡിയന്‍ താരം കിരീടമണിയുന്നത്. ഇപ്പോഴിതാ യുഎസ് ഓപ്പണും, അതും ആദ്യ ശ്രമത്തില്‍ തന്നെ.
ടെന്നീസ് ലോകത്ത് ഇനിയുള്ള നാളുകള്‍ തന്റെതുകൂടിയാണെന്ന വിളംബരമാണ് യുഎസ് ഓപ്പണ്‍ വിജയത്തോടെ ബിയാങ്ക നടത്തിയിരിക്കുന്നത്.ഗാലറികള്‍ സെറീനയ്ക്കായി അലറി വിളിക്കുമ്പോള്‍ അതു ശ്രദ്ധിക്കാതെ താന്‍ തന്നില്‍ തന്നെ ശ്രദ്ധിക്കുകയായിരുന്നുവെന്ന് ബിയാങ്ക മത്സര ശേഷം പറഞ്ഞു. ഐതിഹാസിക പ്രകടനത്തോടെ റാങ്കിംഗിലും ബിയാങ്കയ്ക്ക് മുന്നേറ്റമുണ്ടാവും. നിലവില്‍ ഡബ്ല്യുടിഎ റാങ്കിംഗില്‍ 15-ാം സ്ഥാനത്തുള്ള ബിയാങ്ക പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരും. ഒരു കനേഡിയന്‍ വനിതാ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കുമാവുമത്.