വിഷ്ണുവിനു സെഞ്ചുറി; കേരളത്തിനു ജയം
Wednesday, October 16, 2019 11:50 PM IST
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ മൂന്നാം സെഞ്ചുറിയുമായി ഓപ്പണർ വിഷ്ണു വിനോദ് തിളങ്ങിയ മത്സരത്തിൽ ആന്ധ്രയ്ക്കെതിരേ കേരളത്തിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആന്ധ്രപ്രദേശ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 230 റണ്‍സെടുത്തു. 39.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി. 89 പന്തിൽ 139 റണ്‍സെടുത്ത വിഷ്ണു വിനോദാണ് കേരളത്തിന്റെ വിജയശിൽപി.
സ്കോർ ബോർഡിൽ ഒരു റണ്‍ മാത്രമുള്ളപ്പോൾ ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (ഒരു റണ്‍), സഞ്ജു വി. സാംസണ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായ കേരളത്തെ വിഷ്ണു തോളിലേറ്റുകയായിരുന്നു. ജലജ് സക്സേന (46 നോട്ടൗട്ട്), പി. രാഹുൽ (27 നോട്ടൗട്ട്) , സച്ചിൻ ബേബി (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.