അനസിനും തുളസിക്കും ജി.വി. രാജ
Friday, January 17, 2020 12:07 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കായികതാരങ്ങൾക്ക് സർക്കാർ നല്കുന്ന ജി.വി. രാജാ അവാർഡ് മുഹമ്മദ് അനസിനും പി.സി. തുളസിക്കും. ഏഷ്യൻ ഗെയിംസിലെ 400 മീറ്റർ വെള്ളിമെഡൽ ജേതാവായാണ് മുഹമ്മദ് അനസ് പുരുഷ വിഭാഗം അവാർഡ് നേട്ടത്തിന് അർഹനായത്. ബാഡ്മിന്റണിൽ ഏഷ്യൻ ഗെയിംസ് ജേതാവായാണ് പി.സി. തുളസി വനിതാ വിഭാഗം പുരസ്കാരത്തിന് അർഹയായത്. മൂന്നു ലക്ഷം രൂപ വീതവും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
ഒളിന്പ്യൻ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് പരിശീലകനായ ടി.പി. ഔസേഫ് അർഹനായി. മികച്ച കായിക പരിശീലകനുള്ള അവാർഡ് ഫുട്ബോൾ പരിശീലകൻ സതീവൻ ബാലൻ നേടി. 13 വർഷത്തിനുശേഷം കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകനാണ് സതീവൻ ബാലൻ.

കോളജ് തലത്തിലെ മികച്ച കായിക അധ്യാപകനുള്ള അവാർഡിന് കണ്ണൂർ എസ്എൻ കോളജിലെ ഡോ. കെ. അജയകുമാർ അർഹനായി. സ്പോർട്സ് ഹോസ്റ്റൽ സ്കൂൾ തലത്തിൽ ലോംഗ് ജംപ് താരം സാന്ദ്ര ബാബു അവാർഡിന് അർഹയായി. സ്പോർട്സ് ഹോസ്റ്റൽ കോളജ് തലത്തിൽ പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നിബിൻ ബൈജുവും വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജിലെ വി.കെ. വിസ്മയയും അവാർഡിന് അർഹരായി. സ്കൂൾ തലത്തിലെ മികച്ച കായികാധ്യാപകനുള്ള അവാർഡ് പാലക്കാട് മാത്തൂർ സിഎഫ്ഡിഎച്ച്എസിലെ കെ. സുരേന്ദ്രനാണ്. മികച്ച കോളജിനുള്ള പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റും സ്കൂളിനുള്ള പുരസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂളും കരസ്ഥമാക്കി.
വനിതാ ബാഡ്മിന്റണ്‍ താരം അപർണ ബാലൻ, കായികാധ്യാപകൻ ഡോ. കെ. എ. രാജു എന്നിവർക്ക് പ്രത്യേക പുരസ്കാരം സമ്മാനിക്കും.
കായികമന്ത്രി ഇ.പി. ജയരാജനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ, സെക്രട്ടറി സഞ്ജയൻ കുമാർ, അവാർഡ് കമ്മിറ്റി കണ്‍വീനർ എം.ആർ. രഞ്ജിത്ത്, സ്പോർട്സ് കൗണ്‍സിൽ അംഗങ്ങളായ കെ.എൽ. ജോസഫ്, പി.പി. തോമസ് എന്നിവർ പങ്കെടുത്തു.