ജോണ്ടി റോഡ്സ് ഇനി മുഖ്യ പരിശീലകൻ
Thursday, September 10, 2020 11:45 PM IST
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മുൻ താരവും നിലവിൽ ഐപിഎൽ ടീം പഞ്ചാബ് കിംഗ്സ് ഇലവന്റെ ഫീൽഡിംഗ് പരിശീലകനുമായ ജോണ്ടി റോഡ്സ് സ്വീഡൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായി. ജൂണിയർ തലത്തിലുള്ള കളിക്കാരെ കണ്ടെത്തി രാജ്യത്ത് ക്രിക്കറ്റ് വളർത്താനുള്ള സ്വീഡിഷ് ക്രിക്കറ്റ് ബോർഡിന്റെ നീക്കത്തിന്റെ ഭാഗമാണിത്.
ദക്ഷിണാഫ്രിക്കയ്ക്കായി 52 ടെസ്റ്റിലും 245 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള റോഡ്സ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിലൊരാളാണ്. ടെസ്റ്റിൽ 2532 റണ്‍സും ഏകദിനത്തിൽ 5935 റണ്‍സും നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, കെനിയ, ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ടീമുകളുടെ ഫീൽഡിംഗ് പരിശീലകനായിരുന്നു.
ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന റോഡ്സ് തന്റെ രണ്ടാം ഭാര്യ മിലാനിയിലുണ്ടായ പുത്രിക്ക് ഇന്ത്യ ജീന്നി റോഡ്സ് എന്നാണു പേരിട്ടത്. 2015ൽ മുംബൈയിലായിരുന്നു ഇന്ത്യ ജീന്നിയുടെ ജനനം.