ഗോളടിച്ചും അടിപ്പിച്ചും മെസി
Monday, March 1, 2021 12:07 AM IST
സെവിയ്യ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയുടെ അർജന്റൈൻ താരം ലയണൽ മെസി ഗോളടിച്ചും അടിപ്പിച്ചും മുന്നേറുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021ൽ മെസി മിന്നും ഫോമിലാണ്. ഈ വർഷം മെസി ഇതുവരെ കളിച്ച ഒന്പത് മത്സരങ്ങളിൽ 12 ഗോൾ നേടുകയും മൂന്നെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു.
മെസി ഗോളൊരുക്കുകയും ഗോളടിക്കുകയും ചെയ്ത മത്സരത്തിൽ ബാഴ്സ 2-0ന് എവേ പോരാട്ടത്തിൽ സെവിയ്യയെ കീഴടക്കി. കോപ്പ ഡെൽ റേ ആദ്യ പാദത്തിൽ സെവിയ്യയോടു പരാജയപ്പെട്ടതിന്റെ കണക്കുതീർക്കൽകൂടിയായിരുന്നു ബാഴ്സയുടെ ജയം. മെസിയുടെ പാസിൽനിന്ന് ഡെംബലെ (29’) നേടിയ ഗോളിൽ ബാഴ്സ മുന്നിൽ കടന്നു. 85-ാം മിനിറ്റിൽ മെസി ടീമിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. സീസണിൽ ഗോൾ വേട്ടയിൽ മെസിയാണു മുന്നിൽ, 19 ഗോൾ. മെസി ഗോൾ നേടുന്ന തുടർച്ചയായ എട്ടാം ലീഗ് പോരാട്ടമായിരുന്നു.
ജയത്തോടെ 25 മത്സരങ്ങളിൽനിന്ന് 53 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തും ബാഴ്സ എത്തി. 23 മത്സരങ്ങളിൽനിന്ന് 55 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഒന്നാമത്. 24 കളിയിൽ 52 പോയിന്റുമായി റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തുണ്ട്.
മറ്റു മത്സരങ്ങളിൽ ഒസാസുന 1-0ന് ആൽവെസിനെയും ഗെറ്റാഫെ 3-0ന് വലൻസിയയെയും കീഴടക്കി.