യുഎസ് ഓപ്പണിൽ ജോക്കോവിച്ച് x മെദ്വദേവ് ഫൈനൽ
Sunday, September 10, 2023 1:13 AM IST
ന്യൂയോർക്ക്: ‘നോ വാക്ക്, ജെസ്റ്റ് സിറ്റ് ആൻഡ് വാച്ച്...’ യുഎസ് ഓപ്പണിന്റെ പ്രധാന കോർട്ടായ ആർതർ ആഷെ സ്റ്റേഡിയത്തിൽ പുരുഷ സിംഗിൾസ് പോരാട്ടത്തിന് ഇതാ സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. 2023 സീസണിൽ ജോക്കോവിച്ചിന്റെ നാലാം ഗ്രാൻസ്ലാം ഫൈനൽ.
രണ്ടാം സീഡായ ജോക്കോവിച്ചിന്റെ ഫൈനൽ എതിരാളി മൂന്നാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവാണ്. അമേരിക്കയുടെ ഇരുപതുകാരനായ ബെൻ ഷെർട്ടണിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് മുപ്പത്താറുകാരനായ ജോക്കോവിച്ച് ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 6-3, 6-2, 7-6 (7-4).
അൽകാരസ് വീണു
പുരുഷ സിംഗിൾസ് ലോക ഒന്നാം നന്പറും നിലവിലെ ചാന്പ്യനുമായ സ്പെയിനിന്റെ കാർലോസ് അൽകാരസിനെ വീഴ്ത്തിയാണ് മെദ്വദേവ് ഫൈനലിൽ പ്രവേശിച്ചത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-6 (7-3), 6-1, 3-6, 6-3നായിരുന്നു മെദ് വദേവിന്റെ ജയം.
2021 യുഎസ് ഓപ്പണ്‍ ചാന്പ്യനാണ് ഡാനിൽ മെദ്വദേവ്. ഇരുപത്തേഴുകാരനായ റഷ്യൻ താരത്തിന്റെ അഞ്ചാം ഗ്രാൻസ്ലാം ഫൈനലാണ്.
ചരിത്രം കുറിച്ച് ജോക്കോ
ഓപ്പണ്‍ കാലഘട്ടത്തിൽ ഒന്നിലധികം ഗ്രാൻസ്ലാം വേദിയിൽ 10 തവണ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ പുരുഷ താരം എന്ന ചരിത്ര നേട്ടം ജോക്കോവിച്ച് സ്വന്തമാക്കി.
ഓസ്ട്രേലിയൻ ഓപ്പണിലും യുഎസ് ഓപ്പണിലുമാണ് ജോക്കോവിച്ച് 10 തവണ വീതം ഫൈനലിൽ പ്രവേശിച്ചത്. ഓസ്ട്രേലിയൻ ഓപ്പണ്‍ 10 തവണ നേടിയപ്പോൾ യുഎസ് ഓപ്പണിൽ മൂന്ന് പ്രാവശ്യം ജോക്കോവിച്ച് ചാന്പ്യനായി.
24 ഗ്രാൻസ്ലാം സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരം എന്ന ചരിത്രത്തിലേക്കാണ് ജോക്കോവിച്ചിന്റെ നോട്ടം. 2023ൽ ഓസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പണ്‍ ജോക്കോവിച്ച് നേടിയിരുന്നു. എന്നാൽ, വിംബിൾഡണ്‍ ഫൈനലിൽ പരാജയപ്പെട്ടു. ജോക്കോവിച്ചിന്റെ 36-ാം ഗ്രാൻസ്ലാം ഫൈനലാണ് 2023 യുഎസ് ഓപ്പണ്‍.
യുഎസ് ഓപ്പണിൽ പുരുഷ സിംഗിൾസിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന മൂന്നാമത് മാത്രം താരം എന്ന നേട്ടത്തിനും ജോക്കോവിച്ച് അർഹനായി. ഇതിഹാസ താരങ്ങളായ ജിമ്മി കോണേഴ്സ് (115), റോജർ ഫെഡറർ (103) എന്നിവർ മാത്രമാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
2023 സീസണിൽ നൊവാക് ജോക്കോവിച്ചിന്റെ നാലാം ഗ്രാൻസ്ലാം ഫൈനലാണ്. ഒരു സീസണിലെ നാല് ഗ്രാൻസ്ലാം ഫൈനലിലും ഏറ്റവും കൂടുതൽ തവണ (3) പ്രവേശിക്കുന്നതിൽ റോജർ ഫെഡററിനൊപ്പവും ജോക്കോവിച്ച് എത്തി. 2015, 2021, 2023 സീസണുകളിലാണ് ജോക്കോവിച്ച് നാല് ഗ്രാൻസ്ലാം ഫൈനലിലും പ്രവേശിച്ചത്. ഫെഡറർ 2006, 2007, 2009 സീസണിലും.