ജിൻസണ് മെഡൽ പുരുഷ-വനിതാ 1500 മീറ്ററിൽ ഇന്ത്യക്ക് രണ്ടു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡൽ. പുരുഷ 1500 മീറ്ററിൽ ഇന്ത്യയുടെ അജയ് കുമാർ സരോജും (3:38.94) മലയാളി താരം ജിൻസണ് ജോണ്‍സണും (3:39.74) വെള്ളിയും വെങ്കലവും സ്വന്തമാക്കി. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ജിൻസണ് ജോണ്സണ് സ്വർണം സ്വന്തമാക്കിയിരുന്നു. ഖത്തറിന്റെ മുഹമ്മദ് അൽ ഗാർനിക്കാണ് (3:38.36) ഹാങ്ഝൗവിൽ സ്വർണം.
വനിതാ 1500 മീറ്ററിൽ ഇന്ത്യക്കായി ഹമിലൻ ബയ്നെസ് വെള്ളി നേടി. 4:12.74 സെക്കൻഡിൽ ഹമിലൻ ഫിനിഷിംഗ് ലൈൻ കടന്നു. ബെഹറിന്റെ വിൻഫ്രെഡ് മുതിലേവിക്കാണ് (4:11.65) സ്വർണം.
സീമ, നന്ദിനി വനിതാ ഡിസ്കസ് ത്രോ, ഹെപ്റ്റാത്തലണ്‍ എന്നിവയിലൂടെ ഇന്നലെ ഇന്ത്യൻ അക്കൗണ്ടിലേക്ക് രണ്ടു വെങ്കലമെത്തി. ഹെപ്റ്റാത്തലണിൽ അഗ്സര നന്ദിനിയിലൂടെയാണ് ഇന്ത്യ വെങ്കലമണിഞ്ഞത്. സീസണിൽ തന്റെ മികച്ച ദൂരം കണ്ടെത്തിയായിരുന്നു സീമ പൂനിയ ഡിസ്കസ് ത്രോയിൽ വെങ്കലം സ്വന്തമാക്കിയത്. നാലാം ശ്രമത്തിൽ 58.62 മീറ്റർ സീമ ഡിസ്കസ് പായിച്ച് മെഡലിന് അർഹയായി. ഗെയിംസ് റിക്കാർഡോടെ ചൈനയുടെ ഫെങ് ബിൻ (67.93) സ്വർണം നേടി.