ഇരുപത്തിയെട്ടുകാരനായ ഇന്ത്യൻ ഷൂട്ടർ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ പുരുഷ ടീമിൽ അംഗമായിരുന്നു. ഒളിന്പിക്സിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ ഷൂട്ടറാണ് കുസാലെ.
ടിക്കറ്റ് കളക്ടറിൽനിന്ന് ഒളിന്പ്യനിലേക്ക് മുൻ ഇന്ത്യ ക്രിക്കറ്റ് നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം പോലെയായിരുന്നു കുസാലെയുടെ തുടക്കവും. മഹാരാഷ്ട്രയിലെ കോലാപ്പുരിൽ ജനിച്ച കുസാലെ ധോണിയെപ്പോലെതന്നെ റെയിൽവേ ടിക്കറ്റ് കളക്ടറായിട്ടാണ് ജോലി ആരംഭിച്ചത്. 2012 മുതൽ അന്താരാഷ്ട്ര ഷൂട്ടിംഗ് മത്സരങ്ങളിൽ സജീവമായിരുന്ന ഷൂട്ടർ 12 വർഷത്തിനുശേഷമാണ് ഒളിന്പിക്സിൽ അരങ്ങേറ്റം കുറിച്ചത്.
ധോണിയുടേതിനു സമാനമായിരുന്നു കുസാലെയുടെ പല കാര്യങ്ങളും. ശാന്തതയും ക്ഷമയും ഒരു ഷൂട്ടറിന് അനിവാര്യമാണ്, ആ രണ്ട് സ്വഭാവങ്ങളും ധോണിയുടെ വ്യക്തിത്വത്തിന്റെ മുഖമുദ്രയാണ്.
ധോണിയുടെ ജീവിത കഥ ചലച്ചിത്രമാക്കിയപ്പോൾ അത് നിരവധി തവണ കണ്ട കുസാലെ ഇന്ത്യയുടെ ലോകകപ്പ് ജേതാവിന്റെ നേട്ടങ്ങൾക്കൊപ്പമെത്തിച്ചേരാൻ ശ്രമിക്കുകയായിരുന്നു. 2015 മുതൽ കുസാലെ റെയിൽവേയിൽ ജോലി ചെയ്യുകയാണ്.