പേ​രാ​മം​ഗ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; 13 പേ​ർ​ക്കുപ​രി​ക്ക്
Sunday, July 6, 2025 7:08 AM IST
പേ​രാ​മം​ഗ​ലം: തൃ​ശൂ​ർ - കു​റ്റി​പ്പു​റം സം​സ്ഥാ​ന പാ​ത​യി​ൽ പേ​രാ​മം​ഗ​ലം മ​ന​പ്പ​ടി​യി​ൽ കോ​ൺ​ക്രീ​റ്റ് റോ​ഡ് അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് 13 പേ​ർ​ക്കു നി​സാ​ര പ​രി​ക്ക്. തൃ​ശൂർ ഭാ​ഗ​ത്തേ​ക്കു സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ൾ​ട്ടോ കാ​ർ ബ്രേ​ക്ക് ചെയ്തതി​നെ ത്തുട​ർ​ന്ന് പി​ന്നി​ൽവ​ന്ന ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ക്കു​ക​യും ഈ ​ബ​സി​നു തൊ​ട്ടു​പി​ന്നാ​ലെവ​ന്ന മ​റ്റൊ​രു ടൂ​റി​സ്റ്റ് ബ​സ് കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽനി​ന്ന് തൃ​ശൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന സം ഘം സഞ്ചരിച്ചിരുന്ന ടൂ​റി​സ്റ്റ് ബ​സി​ലെ 12 പേ​ർ​ക്കും ആ​ൾ​ട്ടോ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽനി​ന്ന് ഡീ​സ​ൽ റോ​ഡി​ൽ പ​ര​ന്ന​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പേ​രാ​മം​ഗ​ലം പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​ളി​ച്ച് റോ​ഡി​ൽ പ​ര​ന്ന ഡീ​സ​ൽ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ല്പനേ​രം ഗ​താ​ഗ​ത ത​ട​സമു​ണ്ടാ​യി.