വടക്കാഞ്ചേരി: ബൈപാസിന്റെ അന്തിമ ഡിപിആർ തയാറാക്കുന്നതിനായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അലൈൻമെന്റ് പ്രകാരമുള്ള നിർദിഷ്ടപാതയിൽ പരിശോധന നടത്തി. ബൈപാസിന്റെ ഡിപിആർ പൂർത്തിയാക്കി ഈ മാസംതന്നെ അംഗീകാരത്തിനായി സമർപ്പിക്കാൻ അധികൃതർക്കു നിർദേശം നൽകിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
കിഫ്ബി പദ്ധതിയായ വടക്കാഞ്ചേരി ബൈപാസിൽ ഉൾപ്പെടുന്ന റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് (ജിഎഡി) തയാറാക്കിയത് കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ്. കെ - റെയിലിന്റെ നേതൃത്വത്തിൽ ടോപ്പോഗ്രാഫിക് സർവേയും സോയിൽ ഇൻവെസ്റ്റിഗേഷനും പൂർത്തിയാക്കി തയാറാക്കിയ ജിഎഡി അംഗീകാരത്തിനായി ഫെബ്രുവരി മാസത്തിൽത്തന്നെ നിർവഹണ ഏജൻസിയായ കെആർഎഫ് ബി മുഖേന സതേൺ റെയിൽവേ കൺസ്ട്രക്ഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിരുന്നു.
തുടർന്ന് ജൂൺമാസം ആദ്യം റെയിൽവേയുടെ വിവിധ വിഭാഗങ്ങളിലെ എൻജിനീയർമാരും കെആർഎഫ്ബി - കെ- റെയിൽ എൻജിനീയർമാരും സംയുക്തമായി സ്ഥലപരിശോധന നടത്തി റിപ്പോർട്ട് റെയിൽവേ സീനിയർ ഡിവിഷണൽ എൻജിനീയർക്ക് നൽകി. ജൂൺ അവസാനവാരത്തിൽ റെയിൽവേ റോഡ് സേഫ്റ്റി വർക്ക് ചീഫ് എൻജിനീയറുടെ പരിശോധന റിപ്പോർട്ടോടുകൂടി അംഗീകാരത്തിനായി സതേൺ റെയിൽവേ ഹെഡ് ക്വാർട്ടേഴ്സിലേക്ക് നൽകി.
റെയിൽവേയുമായി ബന്ധപ്പെട്ട് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടർന്നുവരികയാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി. കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാത 22 ൽ കരുതക്കാടുനിന്ന് ആരംഭിച്ച് അകമല വഴി നിലവിലെ സംസ്ഥാന പാതയിൽ അവസാനിക്കുന്ന 5.586 കിലോമീറ്റർ നീളമുള്ള വടക്കാഞ്ചേരി ബൈപാസിന്റെ ഡിപിആർ തയാറാക്കുന്നതിന്റെ ഭാഗമായി 32 പോയിന്റുകളിൽ മണ്ണുപരിശോധനയും വാഹനഗതാഗത സാന്ദ്രതാപഠനവും (സിബിആർ ട്രാഫിക് സർവേ ഇൻവെസ്റ്റിഗേഷൻ) നേരത്തേ പൂർത്തിയാക്കിയിരുന്നു.
കരട് ഡിപിആർ പരിശോധിച്ച പൊതുമരാമത്ത് ഹൈവേ ഡിസൈൻ യൂണിറ്റ്, ആർഐഒസിഎൽ, കെആർഎഫ്ബി അസി.എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ സംഘം നിർദിഷ്ട പാതയിലെ പഴയ അലങ്കാർ തീയറ്ററിനു പിറകിലായുള്ള പുഴപ്പാലം വരുന്ന മേഖല, മംഗലം റോഡ്, വാഴാനി - വടക്കാഞ്ചേരി റോഡ്, മാരാത്തുകുന്ന് റെയിൽവേ ഗേറ്റ് റോഡ് എന്നീ ബൈപ്പാസിനെ ക്രോസ് ചെയ്യുന്ന സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾക്കു ശിപാർശ നൽകി.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയറും അസി. എൻജിനീയർമാരും കെആർഎഫ്ബി അധികൃതരും അടങ്ങുന്ന സംഘം ഇന്നലെ സ്ഥലം സന്ദർശിച്ച് അലൈൻമെന്റ് പൂർണമായും പരിശോധിക്കുകയും കൂടുതൽ എർത്ത് ഫില്ലിംഗ് വരുന്ന ഭാഗങ്ങളിൽ പ്രത്യേകം പരിശോധനകൾ നടത്തുകയും ചെയ്തു.
കെ-റെയിൽ സതേൺ റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിച്ച ആർഒബി ജിഎഡിക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്കുതന്നെ റോഡിന്റെയും സംയുക്ത ഡിപിആർ അന്തിമമാക്കി കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും അതോടെ അലൈൻമെന്റിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾആരംഭിക്കാനാകുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
വടക്കാഞ്ചേരി സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്് എൻ.കെ. പ്രമോദ്കുമാർ, മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ എം. ആർ. സോമനാരായണൻ, പൊതുപ്രവർത്തകരായ വി.എ. സുരേ ഷ്കുമാർ, എം.യു. കബീർ, പി.എം. അബൂബക്കർ, വി.സി. മനോജ്, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആർ.വി. അർച്ചന, അസി. എൻജിനീയർമാരായ നമിത, കൃഷ്ണപ്രിയ, ജിയോ ടെക്നിക്കൽ എൻജിനീയർ അനുഷ, കെആർഎഫ്ബി അസി. എൻജിനീയർ വി.ജി. രഞ്ജിത്ത്, പ്രോജക്ട് എൻജിനീയർ ബിബിൻ തുടങ്ങിയവർ പരിശോധനയിൽ സന്നിഹിതരായിരുന്നു.