വിഴിഞ്ഞം സമരം: ആർഡിഒ നിയമിച്ച കമ്മീഷൻ സമരപ്പന്തലിലെത്തി
1227948
Thursday, October 6, 2022 11:30 PM IST
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരം 52 ദിവസം പിന്നിട്ടു. സമരപ്പന്തലിന്റെ മേൽനോട്ടവും ഇന്നലെ വനിതകളുടെ കൈയ്യിലായി. വലിയ തുറ ഇടവക നേതൃത്വം നൽകിയ നിരാഹാര സമരത്തിന് വിവിധ ഇടവകകളിൽ നിന്നുള്ള നൂറ് കണക്കിന് വനിതകൾ അണിനിരന്നു.
സുശീല ക്രിസ്ത്യന്റെ നേതൃത്വത്തിൽ പത്തോളം വനിതകൾ നടത്തിയ നിരാഹാര സമരം മോൺ.യൂജിൻ എച്ച്. പെരേര ഉദ്ഘാനം ചെയ്തു.ഫാ. ഹൈസിന്ദ് നായകം ആമുഖപ്രസംഗം നടത്തി. സന്തോഷ് ,ഫാ. മൈക്കിൾ , ജോൺസൺ ജോസഫ് , ജോയ് ജെറാൾഡ്,ഡോ. ജോൺസൺ ജാമറ്റ് തുടങ്ങിയവർ പ്രസംഗിച്ചു. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി, കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ ബാബുരാജ്, ശൈവപ്രസാദ് എന്നിവർ ഐക്യദാർഢ്യവുമായി സമര പന്തലിൽ എത്തി.ആർഡിഒ നിയമിച്ച കമ്മീഷൻ ഇന്നലെ സമരപ്പന്തലിൽ എത്തുകയും സ്ഥിതി വിവരങ്ങൾ പരിശോധിക്കുകയും സമര നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. സ്പെഷൽ സൂപ്രണ്ട് വിനോദിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് സമരപ്പന്തലിലെത്തിയത്.