ചിറയിൻകീഴിൽ വോട്ടഭ്യർഥിച്ച് അടൂർ പ്രകാശ്
1417645
Saturday, April 20, 2024 6:37 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ വാഹന പര്യടനം തുടരുന്നു. ഇന്നലെ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പ്രചരണമാണ് അടൂർ പ്രകാശ് നടത്തിയത്.
ജനങ്ങൾ നൽകിയ ഉൗഷ്മളമായ വരവേൽപ്പിന് നന്ദി പറഞ്ഞ് ചിറയിൻകീഴ് മണ്ഡലത്തിലെ പര്യടനം മേനംകുളത്തു നിന്ന് ആരംഭിച്ചു. രാത്രി ഏറെ വൈകി മുരുക്കുപുഴ ജംഗ്ഷനിലായിരുന്നു സമാപനം. ആറ്റിങ്ങലിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കോണ്ഗ്രസിന്റെ ന്യായ് പദ്ധതിയെ കുറിച്ച് സെമിനാറും ഇന്നലെ സംഘടിപ്പിച്ചു.
സെമിനാർ മുൻ എംഎൽഎ വിടി ബൽറാം ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ മുപ്പത് ലക്ഷം തൊഴിലവസരം സൃഷ്ട്ടിക്കും യുവാക്കളെ വഞ്ചിക്കാത്ത സർക്കാരായിരിക്കും വരാൻ പോകുന്നതെന്നും വി.ടി ബൽറാം പറഞ്ഞു. സെമിനാറിൽ യുവാക്കളും വിദ്യാർത്ഥികളും മത്സ്യതൊഴിലാളികളും, തൊഴിലുറപ്പ് തൊഴിലാളികളും, യുവ സംരഭകരുടെ പ്രതിനിധികളും പങ്കാളികളായി.
കാട്ടാക്കടയുടെ മനസു തൊട്ട് വി. ജോയി
ആറ്റിങ്ങൽ:കാട്ടാക്കട നിയമസഭാ മണ്ഡലത്തിന്റെ ഗ്രാമീണ വീഥികളിൽ ആവേശം വിതച്ച് എൽഡിഎഫ് സ്ഥാനാർഥി വി ജോയിയുടെ സ്ഥാനാർത്ഥി പര്യടനം. രാവിലെ മലയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സ്ഥാനാർത്ഥിപര്യടനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ലധികം കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥി വി ജോയിക്ക് സ്വീകരണം ഒരുക്കിയത്. തൊഴിലാളികളും സ്ത്രീകളും അടങ്ങുന്ന വൻ നിരതന്നെ എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ സ്വീകരിക്കാൻ ഉണ്ടായിരുന്നു.
മലയൻകീഴ് ജംഗ്ഷനിലെ വന്പിച്ച സ്വീകരണ യോഗത്തോടെ ആയിരുന്നു വെള്ളിയാഴ്ചത്തെ സ്ഥാനാർത്ഥിപര്യടനം അവസാനിച്ചത്. ശനിയാഴ്ച ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥി പര്യടനം നടത്തും.
ആറ്റിങ്ങലിൽ വിജയത്തിനൊരുങ്ങി മുരളീരവം
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം ബിജെപി എൻഡിഎ സ്ഥാനാർഥി വി. മുരളീധരന്റെ കിളിമാനൂർ, കടയ്ക്കാവൂർ മണ്ഡലത്തിൽ നടന്ന വാഹന പര്യടനത്തിന് വൻ വരവേൽപ്പ്. കിളിമാനൂർ മണ്ഡലത്തിൽ നഗരൂർ, കരവാരം, പുളിമാത്ത് പഞ്ചായത്തുകളിലും കടയ്ക്കാവൂർ മണ്ഡലത്തിൽ മുദാക്കൽ പഞ്ചായത്തിലുമാണ് സ്ഥാനാർത്ഥി പര്യടനം നടന്നത്.
രാവിലെ കല്ലന്പലത്തുനിന്നും ആരംഭിച്ച പര്യടനം ബിജെപി സംസ്ഥാന സമിതി അംഗം മലയകീഴ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങൾ സഞ്ചരിച്ച് ഉച്ചയ്ക്ക് രണ്ടോടെ ചെന്പരത്തുമുക്കിൽ പര്യടനം അവസാനിച്ചു.
കരവാരം പഞ്ചായത്തിലെ മുല്ലശ്ശേരി മുക്കിൽ തെരഞ്ഞെടുപ്പ് കാര്യാലയം വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കുശേഷം കടയ്ക്കാവൂർ മണ്ഡലത്തിലായിരുന്നു പര്യടനം. കുറക്കട അംബേദ്കർ ഗ്രാമത്തിൽ നിന്നും തുടങ്ങിയ പര്യടനം ബിജെപി ജില്ലാ ട്രഷറർ ബാലമുരളി ഉദ്ഘാടനം ചെയ്തു.
മുപ്പതോളം സ്ഥലങ്ങളിൽ പര്യടനം നടത്തിയ ശേഷം ഇളന്പ പാലത്തിൽ അവസാനിച്ചു.