മാലിന്യനിർമാർജനത്തിൽ വീഴ്ച; യൂത്ത് കോണ്ഗ്രസ് മാർച്ചിൽ സംഘർഷം
1436967
Thursday, July 18, 2024 3:22 AM IST
തിരുവനന്തപുരം: നഗരത്തിലെ മാലിന്യനിർമാർജനത്തിൽ വീഴ്ചവരുത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കോർപറേഷൻ ഓഫീസലേയ്ക്കു യൂത്ത് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ഇന്നലെ രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് നഗരസഭയ്ക്കു അൻപതു മീറ്റർ അകലെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിനു നേരെ ചെറിയ രീതിയിൽ കല്ലേറുമുണ്ടായി. ഇതോടെ പോലീസും യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷം ശക്തമായി.
ആദ്യഘട്ട സംഘർഷത്തിനു ശേഷം നേതാക്കൾ പ്രവർത്തകരോടു പിരിഞ്ഞുപോകാൻ പറഞ്ഞെങ്കിലും പ്രവർത്തകർ ചെവിക്കൊണ്ടില്ല. ബാരിക്കേഡ് ചാടിക്കടക്കാൻ വീണ്ടും ശ്രമിച്ചതോടെ പോലീസ് രണ്ടാം തവണയും ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡിനു സൈഡിലൂടെ വനിത പ്രവർത്തകർ നഗരസഭയ്ക്കുള്ളിൽ ചാടി കയറി മുദ്രാവാക്യം വിളിച്ചു. പോലീസ് ബലം പ്രയോഗിച്ചു വനിതാ പ്രവർത്തകരെ അറസ്റ്റു ചെയ്തു. ഈ സമയം നേതാക്കളും കോർപറേഷനുള്ളിൽ കയറി. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ശക്തമായ ഉന്തും തള്ളലും നടന്നു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അജയ് കുര്യാത്തി, മനോജ് മോഹൻ, ജില്ലാ ഭാരവാഹികളായ ഷജിൻ രാജേന്ദ്രേൻ, തൊളിക്കോട് യൂണിറ്റ് പ്രസിഡന്റ് അബു, വനിത പ്രവർത്തകരായ ദീനമോൾ, ചന്ദ്രലേഖേ എന്നിവരെ അറസ്റ്റു ചെയ്തു നന്ദാവനത്തെ പോലീസ് ക്യാന്പിലേക്കു കൊണ്ടുപോയി.
മാർച്ചിനു യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സുരേഷ് വട്ടപറന്പ് എന്നിവർ നേതൃത്വം നൽകി.