മഴശക്തം: ബൈപാസിന്റെ സർവീസ് റോഡിലും വെള്ളക്കെട്ട്
1567813
Monday, June 16, 2025 7:09 AM IST
വിഴിഞ്ഞം: മഴ ശക്തമായതോടെ ബൈപ്പാസിന്റെ സർവീസ് റോഡിലും വെള്ളക്കെട്ട്. യാത്രക്കാരും നാട്ടുകാരും ദുരിതത്തിലായി. കോവളം - കാരോട് ബൈപ്പാസിൽ കാഞ്ഞിരംകുളം, കോട്ടു കാൽ ഭാഗങ്ങളിലാണ് വെള്ളക്കെട്ടു രൂപംകൊണ്ടത്. കയറ്റിറക്ക് സ്ഥലങ്ങളിൽ വെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾ നിർമിിച്ചതിലുള്ള അപാകതയാണ് പ്രശ്നമെന്നു നാട്ടുകാർ പറയുന്നു.
ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കെട്ടിക്കിടക്കുന്ന മലിന ജലം പകർച്ചവ്യാധികൾക്ക് കാരണമാകാമെന്ന ഭയത്തിലാണ് നാട്ടുകാർ. അശാസ്ത്രീയമായ ഓട നിർമാണത്തിനെതിരെ പരാതി അറിയിച്ചെങ്കിലും ദേശീയപാതാ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്.
ഇതിനുപരി ബൈപ്പാസിൽ നിന്നുള്ള വെള്ളം വൻ ശക്തിയായി കുത്തന്നെ സർവീസ് റോഡിലേക്ക് പതിക്കുന്നതും യാത്രക്കാർക്ക് ദുരിതമായി. മഴവെള്ളം താഴേക്ക് ഒഴുക്കാൻ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നും നാട്ടുകാർ പറയുന്നു.