പാചകവാതക സിലിന്‍ഡര്‍ മോഷണം; പ്രതി പിടിയില്‍
1568032
Tuesday, June 17, 2025 6:31 AM IST
പേരൂര്‍ക്കട: പാചകവാതക സിലിന്‍ഡറുകള്‍ മോഷ്ടിച്ചു മറിച്ചുവിറ്റ സംഭവത്തിലെ രണ്ടാംപ്രതിയെ മ്യൂസിയം പോലീസ് പിടികൂടി. കരമന തളിയല്‍ സത്യന് നഗര്‍ തളിയല്‍ ക്ഷേത്രത്തിനു സമീപം ടി.സി 50/1335-ല്‍ ശരവണന് (35) ആണ് പിടിയിലായത്. ജഗതി ഡിപിഐ ജംഗ്ഷനിലെ രജനി ഗ്യാസ് ഏജന്‍സിയില്‍ ജൂണ്‍മാസം ആദ്യത്തെ ആഴ്ചയായിരുന്നു സംഭവം.
രണ്ടു സിലിന്‍ഡറുകളാണ് ഇവിടെനിന്നു മോഷ്ടിക്കപ്പെട്ടത്. ഇതില്‍ ഒന്നു തമ്പാനൂരിലും മറ്റൊന്നു കരമനയിലുമുള്ള കടകളില്‍ വില്‍പ്പന നടത്തിയത് പോലീസ് കണ്ടെടുത്തിരുന്നു. കരമന തെലുങ്കുചെട്ടി തെരുവില്‍ ടി.സി 20/2205ല്‍ കാര്‍ത്തികും (30) ശരവണനും ചേര്‍ന്നാണ് ഗ്യാസ് ഏജന്‍സിയില്‍ നിന്ന് സിലിന്‍ഡറുകള്‍ കടത്തിയത്. കാര്‍ത്തിക് നേരത്തെ റിമാന്‍ഡിലായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പ്രതിയെ പിടികൂടുന്നതിന് സഹായകമായി. മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ഷിജു, സിപിഒമാരായ രഞ്ജിത്ത്, അനീഷ് ചന്ദ്രന്, അനു കൃഷ്ണന്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.